
ബംഗളുരു: ബംഗളുരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത് സുഹൃത്തുക്കള്‍ തന്നെയെന്ന് പോലീസ്. കെംഗേരി സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശരത്ത് (19) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ശരത്തിനെ കാണാതായത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് വാങ്ങിയതിന്റെ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതിനായി പോയ ശരത്ത് പിന്നീട് തിരിച്ചെത്തിയില്ല. അതിനിടെ ശരത്തിനെ വിട്ടുകിട്ടാന്‍ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കള്‍ക്ക് കഴിഞ്ഞ ദിവസം വാട്സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു.
ശരത്തിന്റെ സഹോദരിയുടെ ഫോണിലേയ്ക്കാണ് സന്ദേശം എത്തിയത്. മോചനദ്രവ്യം നല്‍കാത്ത പക്ഷം അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത് ശരത്തിന്റെ സഹോദരിയെയയാണെന്നും പോലീസില്‍ അറിയിക്കാന്‍ ശ്രമിക്കരുതെന്നും സന്ദേശത്തിലുണ്ടായിരുന്നു. ആദായനികുതി ഉദ്യോഗസ്ഥന് നിരഞ്ജന് കുമാറിന്റെ മകനായ ശരത്ത് ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ടിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.






