
ഒരു ചാനല്‍ റിയാലിറ്റി ഷോയ്ക്കിടെ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് ലിച്ചി എന്ന അന്നാ രാജന്. അവസാനം ഫെയ്സ്ബുക്ക് ലൈവിലൂടെ ലിച്ചി കരയുന്നതു വരെ എത്തി ആരാധകരുടെ ആക്രമണം. റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ ലിച്ചിയോട് അവതാരക മമ്മൂട്ടിയുടെ നായികയാകണോ ദുല്‍ഖറിന്റെ നായികയാകണോ എന്ന് ചോദിച്ചു. രണ്ടു പേര്‍ക്കുമൊപ്പം അഭിനയിക്കാനാഗ്രഹമുള്ള ലിച്ചി അടുത്ത ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാകാം, മമ്മൂക്ക അച്ഛനായും വരട്ടെ, പിന്നത്തെ ചിത്രത്തില്‍ തിരിച്ചുമാകാം എന്ന് തമാശ രൂപേണ പറഞ്ഞു. പക്ഷേ മമ്മൂക്ക വേണമെങ്കില്‍ അച്ഛനായിക്കോട്ടെ എന്ന് ലിച്ചി പറഞ്ഞ തരത്തില്‍ വാര്‍ത്തകള്‍ വരുകയും, വിമര്‍ശനവുമായി ആരാധകര്‍ എത്തുകയും ചെയ്തു.
വിമര്‍ശനങ്ങള്‍ കടുത്തപ്പോള്‍ ഏറെ വിഷമത്തോടെ ലിച്ചി ഫെയ്സ്ബുക്ക് ലൈവിലെത്തി. തനിക്കെതിരായുള്ള രൂക്ഷ വിമര്‍ശനങ്ങളില്‍ നടി കരയുകയും ചെയ്തു. ഇതോടെ വിമര്‍ശനങ്ങള്‍ അടങ്ങി. എന്നാല്‍ ലിച്ചി എന്തിന് കരയണം എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ രോഷം റിമ പ്രകടിപ്പിച്ചത്.
'65 വയസ്സുകാരനായ ഒരു നടന് തന്റെ അച്ഛനായി അഭിനയിച്ചോട്ടെ എന്ന് പറഞ്ഞതിനാണ് ലിച്ചിയെ പലരും വിമര്‍ശിച്ചത്. എന്തിനാണത്? മമ്മൂട്ടിക്ക് അച്ഛന് റോള്‍ ചെയ്യാന്‍ പറ്റുമെന്ന് നിങ്ങള്‍ കരുതുന്നില്ലേ? അച്ഛന് വേഷത്തില്‍ അദ്ദേഹം തകര്‍ക്കുമെന്നാണ് എനിക്ക് തോന്നുന്നത്. 'കൗരവര്‍' സിനിമ ഓര്‍മ്മിക്കൂ. മികച്ച അഭിനേതാവായ അദ്ദേഹം 30കാരനായോ 70കാരനായോ അഭിനയിച്ചാലും നമ്മള് അംഗീകരിക്കും. ബ്രില്ല്യന്റ് അഭിനേതാക്കളായ ശോഭന, ഊര്‍വശി, രേവതി തുടങ്ങിയവര്‍ 70കാരായും 30കാരായും അഭിനയിക്കുന്നില്ലേ. ലിച്ചിയെ ട്രോളുന്നവര്‍ സ്വന്തം പേര് നശിപ്പിക്കുകയാണ്. ശരിക്കും എന്താണിവരുടെ പ്രശ്നം? എന്തിന് ലിച്ചി മാപ്പ് പറയണം?' എന്ന് റിമ ചോദിക്കുന്നു.






