
പീരുമേട്ടിലെ മനോഹരമായ എസ്റ്റേറ്റും അതിനോട് ചേര്‍ന്ന ബംഗ്ലാവും. അവിടെ ചുറുചുറുക്കുള്ള യുവതീയുവാക്കളെപ്പോലെ, വിവാഹജീവിതം ആസ്വദിക്കുന്ന നാല്പതുകാരായ റിട്ട. മേജര്‍ സക്കറിയാ പോത്തനും ഭാര്യ മരിയയും.
ഇവരുടെ ദുരൂഹത നിറഞ്ഞ ജീവിതകഥ ചിത്രീകരിക്കുകയാണ് 'സക്കറിയാ പോത്തന് ജീവിച്ചിരിപ്പുണ്ട്' എന്ന ചിത്രം. നവാഗത സംവിധായകനായ ഉല്ലാസ് ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അമേസിംഗ് സിനിമാസിനുവേണ്ടി മുഹമ്മദ് ആസീഫ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഉടന്‍ തിയേറ്ററിലെത്തും.
ലാല്‍, മനോജ് കെ. ജയന്, ബാബു ആന്റണി, പൂനംബജ്വ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ലാലും മനോജ് കെ. ജയനും മേജര്മാരായി മത്സരാഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. 'വെനീസിലെ വ്യാപാരി, ചൈനാ ടൗണ്‍, മാന്ത്രികന് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പൂനം ബജ്വ മരിയ എന്ന കഥാപാത്രമായി ശക്തമായി തിരിച്ചുവരവ് നടത്തുന്നു.
സാഹസികനും സത്യസന്ധനുമായ മേജറായിരുന്നു സക്കറിയാ പോത്തന് (മനോജ് കെ. ജയന്). ജോലിയിലെ കൃത്യനിഷ്ഠ കൊണ്ടാകാം വിവാഹത്തെപ്പറ്റി ആലോചിച്ചില്ല. റിട്ട. ആയപ്പോഴാണ് വിവാഹത്തെപ്പറ്റി ചിന്തിച്ചത്. പ്രായം അപ്പോള്‍ 45-ന്റെ പടിവാതില്ക്കല് എത്തിയിരുന്നു.
മരിയയെ (പൂനം ബജ്വ) ആണ് ഭാര്യയായി ലഭിച്ചത്. വിവാഹശേഷം പോത്തനും മരിയയും പീരുമേട്ടിലെ സ്വന്തം എസ്റ്റേറ്റില്‍ താമസമാക്കി. നല്ലൊരു കുടുംബജീവിതമായിരുന്നു അവരുടേത്. ചെറുപ്പക്കാര്‍ വിവാഹശേഷം മധുവിധു ആഘോഷിക്കുന്നതുപോലെ അവര്‍ ജീവിതം ആഘോഷമാക്കി.
രാവിലെയുള്ള മരിയയുടെ പിയാനൊ വായനയില്‍നിന്നാണ് ഇവരുടെ ഒരുദിവസം ആരംഭിക്കുന്നത്. അതു കേള്‍ക്കുമ്പോള്‍ പോത്തന്റെ എല്ലാമെല്ലാമായ ആശ്രിതന് ചാമി (ബാബു ആന്റണി) ഓടിയെത്തും. ആദിവാസിയായ ചാമിക്ക് മരിയയുടെ സംഗീതം ഇഷ്ടമായിരുന്നു. അതുപോലെ പോത്തന്റെയും മരിയയുടെയും ജീവിതവും.
അസൂയയോടെയാണ് ചാമി ഇവരുടെ ജീവിതം നോക്കിക്കണ്ടത്. പോത്തന്റെയും മരിയയുടെയും സംഗീതമയമയ ജീവിതം സുഗമമായി ഒഴുകുന്നതിനിടയിലാണ് പഴയ സുഹൃത്തായ മേജര്‍ സച്ചിദാനന്ദനും (ലാല്‍) സുഹൃത്തുക്കളായ, ഉണ്ണികൃഷ്ണനും (രാഹുല്‍ മാധവ്), ശബ്നവും (അഞ്ജന) സക്കറിയാ പോത്തനെ അന്വേഷിച്ച് പീരുമേട്ടിലെത്തിയത്. ഒരു പ്രത്യേക ലക്ഷ്യവുമായാണ് അവര്‍ എത്തിയത്. അതോടെ പോത്തന്റെയും മരിയയുടെയും ശാന്തമായ ജീവിതം സംഘര്‍ഷഭരിതമായി.
അമേസിംഗ് സിനിമാസിനു വേണ്ടി മുഹമ്മദ് ആസിഫ് നിര്‍മ്മിക്കുന്ന സക്കറിയാ പോത്തന് ജീവിച്ചിരിപ്പുണ്ട് സംവിധാനം- ഉല്ലാസ് ഉണ്ണികൃഷ്ണന്, എക്സി. പ്രൊഡ്യൂസര്‍- അന്‍സാരി കെ.എസ്., ക്യാമറ- പാപ്പിനു, രചന- മനോജ് നായര്‍, എഡിറ്റര്‍- അഭിലാഷ് ബാലചന്ദ്രന്, ഗാനങ്ങള്‍- ഹരിനാരായണന്, ഡേവിഡ്, സംഗീതം- ദിബു, ആലാപനം- വിജയ് യേശുദാസ്, കെ.എസ്. ചിത്ര, ശ്രോയ ഘോഷല്‍, ഹരിചരണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബാദുഷ, കോസ്റ്റിയൂമര്‍- ഇന്ദ്രന്‍സ് ജയന്, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, സ്റ്റില്‍- പ്രേംലാല്‍, പി.ആര്.ഒ. അയ്മനം സാജന്, വിതരണം- അമേസിംഗ് സിനിമാസ് റിലീസ്.
ലാല്‍, മനോജ് കെ. ജയന്, ബാബു ആന്റണി, രാഹുല്‍ മാധവ്, ജയന് ചേര്‍ത്തല, മുരളീകൃഷ്ണ, പൂനം ബജ്വ, അഞ്ജന, കെ.പി.ഏ.സി. ലീലാമണി എന്നിവര്‍ അഭിനയിക്കുന്നു. ചിത്രം ഉടന്‍ തിയേറ്ററിലെത്തും.
- അയ്മനം