
ബാഹുബലിയിലെ താരങ്ങള്‍ ഒരിക്കല്‍ക്കൂടി സ്ക്രീനില്‍ ഒത്തുചേരുന്നത് കാണാന്‍ ഏവര്‍ക്കും ആഗ്രഹമുണ്ട്. മഹേന്ദ്ര ബാഹുബലിയെയും ദേവസേനയെയും ഭല്ലാലദേവനെയും മനസ്സില്‍നിന്ന് ഇപ്പോഴും മാറാതെ നില്‍ക്കുകയാണ്. എസ്.എസ്.രാജമൗലി ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ എക്കാലത്തെയും മികച്ച ചിത്രത്തില്‍ പ്രഭാസും അനുഷ്ക ശര്‍മയും റാണ ദഗുബാട്ടിയും ഒരുമിച്ചെത്തിയപ്പോള്‍ അത് എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി. ബാഹുബലിയുടെ മൂന്നാം ഭാഗത്തെക്കുറിച്ചുളള ഊഹാപോഹങ്ങള്‍ പടരുന്നതിനിടെ ബാഹുബലി ടീം ഒരിക്കല്‍ക്കൂടി ഒന്നിച്ചിരിക്കുകയാണ്.
ബാഹുബലി സിനിമയുടെ വിജയ ആഘോഷങ്ങളില്‍ മൂവരും ഒന്നിച്ച് പങ്കെടത്തിരുന്നു. പക്ഷേ അതിനുശേഷം മൂവരെയും ഒരുമിച്ച് കാണാന്‍ ആരാധകര്‍ക്ക് സാധിച്ചിരുന്നില്ല. ആരാധകരുടെ ഈ ആഗ്രഹം നടി രവീണ ടണ്ടന് നിറവേറ്റിയിരിക്കുന്നു. പ്രഭാസും അനുഷ്കയും റാണയും ഒന്നിച്ച ചിത്രം രവീണ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ഹൈദരാബാദിലാണ് മൂവരും വീണ്ടും ഒന്നിച്ചു കൂടിയത്. റാണ പകര്‍ത്തിയ സെല്‍ഫിയാണ് രവീണ ആരാധകര്‍ക്കായി പങ്കുവച്ചത്. ക്ലീന്‍ ഷേവിലാണ് പ്രഭാസ് ചിത്രത്തിലുളളത്. തന്റെ പുതിയ ചിത്രമായ സാഹോയ്ക്ക് വേണ്ടിയാണ് പ്രഭാസ് ക്ലീന്‍ ഷേവ് സ്വീകരിച്ചതെന്നാണ് കരുതുന്നത്.
ഷൂട്ടിങ് പുരോഗമിക്കുന്ന സാഹോയില്‍ ശ്രദ്ധാ കപൂറാണ് ചിത്രത്തിലെ നായിക. അനുഷ്കയെയാണ് ആദ്യം നായികയായി തീരുമാനിച്ചതെങ്കിലും പിന്നീട് ശ്രദ്ധയ്ക്ക് നറുക്കു വീഴുകയായിരുന്നു. ഭഗന്മതിയാണ് അനുഷ്കയുടെ അടുത്ത ചിത്രം.






