
ഇന്ത്യന്‍ എന്ന സൂപ്പര്‍ ഹിറ്റ് ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമായിട്ട് 20 വര്‍ഷം കഴിഞ്ഞു. ദേശീയ അവാര്‍ഡ് നേടി കൊടുത്ത സേനാപതി എന്ന കമലിന്റെ കഥാപാത്രം ഇന്നും വീര്യം ചോരാതെ ആരാധകരുടെ മനസ്സിലുണ്ട്. ഇന്ത്യനു വേണ്ടിയായിരുന്നു അവസാനമായി ശങ്കറും കമലും ഒന്നിച്ചത്. ഇരുവരുടെയും കരിയറിലെ നാഴികകല്ലായി ചിത്രം മാറുകയും ചെയ്തു. 20 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായാണ് റിപ്പോര്‍ട്ട്. കമലിന്റെ ബിഗ് ബോസ് വേദിയില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
കമല്‍ ഹാസന്റെ അവസാന ചിത്രമാകും ഇന്ത്യന്‍ 2 എന്നാണ് കരുതപ്പെടുന്നത്. രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം കമല്‍ എടുത്തു കഴിഞ്ഞു. രാഷ്ട്രീയത്തിലെത്തിയാല്‍ സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും വിട പറയുമെന്ന് കമല്‍ വ്യക്തമാക്കിയിരുന്നു. 180 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്. തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ചിത്രം മറ്റു ഭാഷകളിലേയ്ക്കും മൊഴിമാറ്റും.
അഴിമതിക്കെതിരെ മുഖം നോക്കാതെ ആഞ്ഞടിക്കുന്ന സേനാപതി എന്ന കഥാപാത്രമാണ് ഇന്ത്യനിലെ നായകന്. അഴിമതി ചെയ്തത് സ്വന്തം മകനായാല്‍ പോലും പ്രതികരിക്കുന്ന നായകന്. രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് ഇങ്ങനെയൊരു ചിത്രം കമല്‍ തിരഞ്ഞെടുത്തത് ബോധപൂര്‍വ്വം ആണെന്നും രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനുള്ള മാര്‍ഗ്ഗമാണെന്നും നിരീക്ഷകര്‍ പറയുന്നു.






