
ബ്രഹ്മാണ്ഡ സിനിമയായ അവതാറിന് നാലു തുടര്‍ഭാഗങ്ങളുമായി ഭൂലോക സംവിധായകന് ജയിംസ് കാമറൂണ്‍ വീണ്ടും വരുന്നു. ഇത്തവണ തന്റെ പഴയ നായിക ടൈറ്റാനിക്കിലെ റോസ് കേറ്റ് വിന്‍സ്ലെറ്റിന്റെ കൂടി കരം പിടിച്ചാണ് അവതാറിന്റെ പരമ്പര ചിത്രങ്ങള്‍ക്കായി എത്തുന്നത്. ഇതിലെ ആദ്യഭാഗം 'അവതാര്‍ 2' 2020 ഡിസംബര്‍ 18 ന് തീയറ്ററുകളില്‍ എത്തുമെന്നാണ് സംവിധായകന് നല്കുന്ന സൂചന.
വിഖ്യാത കപ്പല്‍ഛേദം പറഞ്ഞ ടൈറ്റാനിക്കില്‍ കാമറൂണ്‍ നായികയാക്കിയ കേറ്റ് വിന്‍സ്ലെറ്റിനെ ഒരിക്കല്‍ കൂടി സംവിധായകന് പരിഗണിക്കുന്നു എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്ത. 20 വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. കേറ്റിനൊപ്പം ജോലി ചെയ്യാന്‍ താന്‍ അക്ഷമനായി കാത്തിരിക്കുന്നു എന്നാണ് ജെയിംസ് കാമറൂണ്‍ പറഞ്ഞിരിക്കുന്നത്. തന്റെ കരിയറിലെ വലിയ ബഹുമതികളില്‍ ഒന്നായി മാറിയ ടൈറ്റാനിക്കിന് ശേഷം കേറ്റുമായി സഹകരിക്കാന്‍ രണ്ടു ദശകമായി താന്‍ കഠിന പ്രയത്നത്തിലായിരുന്നു എന്നും കാമറുണ്‍ പറയുന്നു. റോണല്‍ എന്ന പുതിയ കഥാപാത്രത്തെ കേറ്റ് അവതരിപ്പിക്കുന്നത് കാണാന്‍ തന്നെ ക്ഷമ അനുവദിക്കുന്നില്ലെന്നും പറഞ്ഞു.
അവതാര്‍ 2 ന് തൊട്ടു പിന്നാലെ 'അവതാര്‍ 3' 2024 ഡിസംബര്‍ 20 നും 'അവതാര്‍ 4' 2024 ഡിസംബര്‍ 20 നും 'അവതാര്‍ 5' 2025 ഡിസംബര്‍ 19 നുമാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം നാലു സിനിമകളെ കുറിച്ച് പ്രഖ്യാപനം നടത്തിയ ജെയിംസ് കാമറൂണ്‍ കഴിഞ്ഞയാഴ്ച കാലിഫോര്‍ണിയയില്‍ പുതിയ ചിത്രങ്ങളുടെ ജോലി ആരംഭിച്ചിട്ടുണ്ട്. ലൈറ്റ് സ്ട്രോം എന്റര്ടെയ്ന്മെന്റ് കമ്പനിയുടെ ബാനറില്‍ കാമറൂണും ജോണ്‍ ലാന്ഡാവുവും ചേന്ന് നിര്‍മ്മിക്കുന്ന സിനിമയില്‍ സോയി സല്‍ഡാന, സാം വര്‍ത്തിംഗ്ടണ്‍, സിഗോര്‍ണി വീവര്‍, സിസിഎച്ച് പൗണ്ടര്‍, സ്റ്റീഫന്‍ ലാംഗ് എന്നിവരും ഗെയിം ഓഫ് ത്രോണ്‍ താരം ഊനാ ചാപ്ളിനുമാണ് താരങ്ങള്‍. ജോഷ് ഫ്രീഡ്മാന്, റിക്ക് ജാഫ, അമാന്ദാ സില്‍വര്‍, ഷേന് സലേര്‍നോ എന്നിവരാണ് കാമറൂണിന് തിരക്കഥാ സഹായം ചെയ്യുന്നത്.






