
വെടിയുണ്ടകള്‍ക്ക് ഇരയായി അനേകര്‍ മരിച്ചു വീഴുന്നു. ജീവന് രക്ഷിക്കാന്‍ ആള്ക്കാര് തിരക്കുപിടിച്ച് അങ്ങുമിങ്ങും പായുന്നു. ഇതിനിടയില്‍ സ്വന്തം ജീവന് പോലും തൃണവല്‍ഗണിച്ച് ഒരു യുവതിക്ക് മുകളില്‍ കിടന്ന വെടിയേല്‍ക്കാതെ അവരെ സംരക്ഷിക്കുന്ന യുവാവ്. ലാസ് വേഗാസിലെ കൂട്ടക്കുരുതിയുടേതായി പുറത്തു വന്ന ചിത്രങ്ങളില്‍ ലോക മനസ്സാക്ഷിയെ ഏറെ വേട്ടയാടിയ ചിത്രത്തിലെ നിഗൂഡ നായകന് ഒരു അമേരിക്കന്‍ യുവ സൈനികനാണ്. ഈ യുവതിയെ രക്ഷിച്ചതിന് പിന്നാലെ യുവ സൈനികന് അപകട സ്ഥലത്ത് പരിക്കേല്‍ക്കുകയും മറ്റും ചെയ്ത അനേകര്‍ക്കാണ് തുണയായത്.
ഞായറാഴ്ച രാത്രിയിലുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവത്തില്‍ ഏറ്റവും വൈറലായ ചിത്രങ്ങളില്‍ ഒന്നില്‍ അമേരിക്കന്‍ ജനതയുടെ ശ്രദ്ധ പിടിച്ചു പറ്റിയത് മാത്യൂ കോബോസ് എന്ന സൈനികനാണ്. റൂട്ട 91 ഹാര്‍വസ്റ്റ് ഫെസ്റ്റിവലില്‍ 22,000 കാണികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമ്പോള്‍ സ്വന്തം ജീവനെ പോലും തൃണവല്‍ഗണിച്ച് മറ്റുള്ളവരുടെ ജീവന് സംരക്ഷിക്കുന്ന കോബോസിന്റെ ചിത്രം പെട്ടെന്നാണ് വൈറലായി മാറിയത്. മാന്‍ഡലേ ബേ കാസിനോയുടെ 32 ാം നിലയില്‍ നിന്നും കൊലയാളി തെരുവിലേക്ക് വെടിയുതിര്‍ക്കുമ്പോള്‍ തനിക്ക് വെടിയേല്‍ക്കുമോ എന്ന് പോലും ചിന്തിക്കാതെ മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ പായുന്നതിനിടയിലാണ് സ്വന്തം ശരീരം തന്നെ മറയാക്കി യുവതിയെ കോബോസ് രക്ഷിച്ചത്്
ചുറ്റും ആള്ക്കാര് വെടിയേറ്റ് മരിച്ചു വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യം കാണാതിരിക്കാന്‍ യുവതിയുടെ കണ്ണു കോബോസ് മൂടിപ്പിടിക്കുകയും ചെയ്തിരുന്നു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ യുവതിയെ എഴുന്നേല്‍പ്പിച്ച് തൊട്ടടുത്തു കിടന്ന കാറിന് പിന്നില്‍ സുരക്ഷിതമായി മാറ്റുകയും യുവാവ് ചെയ്തു. ഫോട്ടോ ആദ്യം പ്രചരിക്കുമ്പോള്‍ യുവതി മരിച്ചിരുന്നോ അതോ സാരമായി പരിക്കേറ്റിരുന്നോ എന്നെല്ലാം സംശയിച്ചവര്‍ ഏറെയാണ്. എന്നാല്‍ ഫോട്ടോ പകര്‍ത്തപ്പെട്ട ഒരു നിമിഷത്തിന് തൊട്ടു പിന്നാലെ ഇരുവരും ഓടി രക്ഷപ്പെട്ടെന്ന് യുവതിയെ യുവാവ് ഒരു കാറിന്റെ മറയത്തേക്ക് കൊണ്ടുപോയി ഇരുത്തി സുരക്ഷിതമാക്കിയെന്നും ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ ഡേവിഡ് ബെക്കര്‍ പിന്നീട് പറഞ്ഞു.
യുവതിയെ രക്ഷിച്ചതിന് തൊട്ടു പിന്നാലെ കോബോസ് വീണ്ടും അപകടമേഖലയില്‍ തിരിച്ചു വന്നു. പരിക്കേറ്റ് കിടന്നവരെയും മറ്റുള്ളവരെയും സഹായിക്കാന്‍ ഓടുകയും ചെയ്തു. ഓടുമ്പോഴും തന്റെ മുന്നിലൂടെ വെടിയുണ്ടകള്‍ നിലത്തേക്ക് വന്നു വീഴുന്നുണ്ടായിരുന്നതായി കോബോസ് വ്യക്തമാക്കി. കോബോസിന്റെ ധീരതയുടെ കഥകള്‍ ദുരന്തം കഴിഞ്ഞ് ഏറെ ദിവസങ്ങള്‍ കഴിയും മുമ്പ് വന്‍ പ്രചാരം നേടുകയാണ്. 59 പേര്‍ക്ക് ജീവന് നഷ്ടമായ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കുരുതിയില്‍ കയ്യൊടിഞ്ഞും വെടിയേറ്റുമെല്ലാം പരിക്കേറ്റ് 131 പേരോളമാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇതില്‍ 48 പേരുടെ നില ഗുരുതരമാണ്.






