
കോട്ടയം: അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ചലച്ചിത്ര-സാഹിത്യനിരൂപകനും ചലച്ചിത്ര-നാടക പ്രവര്‍ത്തകനുമായ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ. വി.സി ഹാരിസ് (58) അന്തരിച്ചു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മരണം സംഭവിച്ചത്. ഒക്ടോബര്‍ അഞ്ചിന് ഓട്ടോയില്‍ യാത്രചെയ്യുന്നതിനിടെ കുഴഞ്ഞുവീണാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മയ്യഴിയില്‍ ജനിച്ച ഹാരിസ് കണ്ണൂര്‍ എസ്. എന്‍ കോളേജിലും കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമാണ് പഠിച്ചത്. കോഴിക്കോട് ഫറൂഖ് കോളേജിലും അധ്യാപകനായിരുന്ന അദ്ദേഹത്തിന് കേരളത്തില്‍ ഉടനീളം അനേകം പ്രഗത്ഭര്‍ ശിഷ്യരായിട്ടുണ്ട്.






