ദിലീപ് ചിത്രമായ രാമലീല 50 കോടി ക്ലബിലേക്ക് കുതിക്കുമ്പോള്‍ തീയറ്ററുകളില്‍ കിതയ്ക്കുന്ന ഉദാഹരണം സുജാതയ്ക്ക് സഹായം തേടി നടി മഞ്ജു വാര്യര്‍ സെക്രട്ടറിയേറ്റില്‍ എത്തി. സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായാണ് മഞ്ജു സെക്രട്ടറിയേറ്റില്‍ എത്തിയത്. വിദ്യാഭ്യാസ മന്ത്രിയുമായി മഞ്ജു കൂടിക്കാഴ്ച നടത്തി. സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിന് നികുതി ഇളവ് നല്‍കണമെന്നും സ്കൂളുകളില്‍ നിന്നും സിനിമ കാണിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് മഞ്ജു സെക്രട്ടറിയേറ്റില്‍ എത്തിയത്.
രാമലീല അമ്പത് കോടി ക്ലബിലേക്ക് കുതിക്കുമ്പോള്‍ രാമലീല തീയറ്ററുകളില്‍ കിതയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഒരു കൈത്താങ്ങ് ഉണ്ടെങ്കില്‍ ചിത്രത്തിന് പിടിച്ചുനില്‍ക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നടി ആക്രമിക്കപ്പെട്ട കേസ് ഉള്‍പ്പെടെ വിവാദ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമോ എന്ന് വ്യക്തമല്ല.
അതേസമയം ഉദാഹരണം സുജാതയ്ക്ക് മാത്രം നികുതി ഇളവ് നല്കിയാല് സിനിമയില്‍ ഒരു വിഭാഗം എതിര്‍ക്കുമെന്നാണ് സൂചന. സാമൂഹ്യപ്രസക്തിയുള്ള മറ്റ് ചിത്രങ്ങള്‍ ഇറങ്ങിയിട്ടും ആ ചിത്രങ്ങള്‍ക്കൊന്നും ഇളവ് നല്‍കാതെ മഞ്ജു വാര്യര്‍ ചിത്രത്തിന് മാത്രം ഇളവ് നല്‍കുന്നത് നീതിയല്ലെന്നാണ് സിനിമാ രംഗത്തെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം.






