
മുംബൈ: മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാനാവശ്യപ്പെട്ടുള്ള കസ്റ്റമര്‍ കെയറില്‍ നിന്നുമെന്ന് പറഞ്ഞ് തട്ടിപ്പ്. മുംബൈ സ്വദേശിയുടെ 1.3 ലക്ഷം രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. സിം ക്ലോണ്‍ ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
കോഴിക്കോട് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മുംബൈ സ്വദേശിയായ ശാശ്വത് ഗുപ്തയെന്ന യുവാവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് മോഷണം നടന്നത്.
ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പിനിരയായ കാര്യം അദ്ദേഹം അറിയിച്ചിരിക്കുന്നത്. സ്വകാര്യ ബാങ്കിന്റെ സാലറി അക്കൗണ്ടില്‍ നിന്നും തനിക്ക് 1.3 ലക്ഷം രൂപയാണ് നഷ്ടമായതെന്നാണ് അദ്ദേഹം പറയുന്നത്.
ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം തട്ടുകയെന്നത് ഇത്ര എളുപ്പമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും യുവാവ് പറഞ്ഞു. ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക പിന്‍വലിച്ചകാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഐ.സി.ഐ.സി.ഐ ബാങ്കിന് ശേഷിക്കുന്ന ബാലന്‍സ് സംരക്ഷിക്കാനായില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. റിക്വസ്റ്റ് നല്‍കിയിട്ടും 18 മണിക്കൂറിനുള്ളില്‍ അക്കൗണ്ട് ഫ്രീസ് ചെയ്യാന്‍ സാധിച്ചില്ലെന്നും ആരോപിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,
എയര്‍ടെല്ലില്‍ നിന്നാണെന്നും പറഞ്ഞ് ഒരാള്‍ എന്നെ വിളിച്ചു. ആധാര്‍ കാര്‍ഡും സിമ്മുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ എന്റെ സിം ഡിയാക്ടിവേറ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം എന്നോട് സിം കാര്‍ഡ് നമ്പര്‍ 121 (എയര്‍ടെല്ലിന്റെ ഔദ്യോഗിക സര്‍വ്വീസ് നമ്പര്‍) ലേക്ക് മെസേജ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്റെ സിം ഉടന്‍ റിയാക്ടിവേറ്റ് ചെയ്യാമെന്നും പറഞ്ഞു. അയാള്‍ക്ക് എന്റെ സിം ക്ലോണ്‍ ചെയ്തുകൊണ്ട് ഞാന്‍ ഇതുവരെ സമ്പാദിച്ച എല്ലാ പണവും സ്ഥിരനിക്ഷേപം അടക്കം തട്ടിയെടുക്കാന്‍ കഴിയുമെന്ന് എനിക്ക് അറിയില്ലായിരുന്നു.






