
മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, കുട്ടികളുടെ ചിത്രമായ 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. "മാരിവില്ലുകളെ" എന്ന് തുടങ്ങുന്ന ഈ ഗാനം രമേശ് കാവിലിന്റെ വരികൾക്ക് സച്ചിൻ ബാലു സംഗീതം നൽകിയിരിക്കുന്നു. സച്ചിൻ ബാലു ആദ്യമായി സംഗീത സംവിധായകനായി എത്തുന്ന ചിത്രമാണിത്. സൂര്യഗായത്രിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ വച്ച് നടന്നു.
പ്രദീപ് ചൊക്ലി സംവിധാനം നിർവഹിച്ച 'ചിപ്പി'യിൽ ജോയ് മാത്യു, ശ്രിന്ദ, ശ്രുതി മേനോൻ, സലിം കുമാർ, മണികണ്ഠൻ ആർ ആചാരി, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ അഭിനയിക്കുന്നുണ്ട്. കൂടാതെ ബാലതാരങ്ങളായി അജ്മൽ, അജിൻഷാജി, അദ്വൈത്, അമൽദേവ്, അശ്വജിത്ത്, ദേവപ്രഭ, ശിവാനി, സ്വാതി, തൻഹതബസും എന്നിവരുമുണ്ട്. വിനീഷ് പാലയാട് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു.
പ്രധാനമായി തീരപ്രദേശങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജലീൽ ബാദുഷയും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിർവഹിച്ചിരിക്കുന്നത്. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് നവാഗതരായ സച്ചിൻ ബാലുവും, റോഷൻ ഹാരിഷുമാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. ഫിലിംഫിനിറ്റി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി എസ് ബാബുവാണ് 'ചിപ്പി' നിർമിച്ചിരിക്കുന്നത്.






