
ന്യൂഡല്ഹി : കോണ്ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണമെന്ന സിപിഎം ജനറല് സെക്രട്ടറി സിതാറാം യെച്യൂരിയുടെയും ബംഗാള് ഘടകത്തിന്റെയും ആവശ്യം കേന്ദ്രകമ്മറ്റി തള്ളി. വിഷയം സംബന്ധിച്ച് യെച്യൂരി കാരാട്ട് പക്ഷത്തിന് ഭിന്നത ഉണ്ടായിരുന്നതിനാല് വോട്ടെടുപ്പ് ഉണ്ടായേക്കുമെന്ന് റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. എന്നാല്, വോട്ടെടുപ്പ് നടത്താതെയാണ് കേന്ദ്രകമ്മറ്റി ധാരണയില് എത്തിയത്.
കോണ്ഗ്രസുമായി മുന്നണി ബന്ധമോ തെരഞ്ഞെടുപ്പ് സഖ്യമോ വേണ്ടെന്ന നിലപാടിന് യോഗത്തില് മുന്തൂക്കം ലഭിച്ചതായാണ് വിവരം. വര്ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോണ്ഗ്രസ് ഉള്പ്പെടെയുള്ള പാര്ട്ടികള് അടങ്ങുന്ന മതേതര ബദല് രൂപീകരിക്കാന് സിപിഎം ശ്രമിക്കണം എന്നതായിരുന്നു യെച്യൂരിയുടെ നിലപാട്. എന്നാല്, കോണ്ഗ്രസിനെ സഖ്യകക്ഷിയാക്കുകയോ മുന്നണിയുടെ ഭാഗമാക്കുകയോ വേണ്ടെന്ന നിലപാടായിരുന്നു കാരാട്ടിന്റേത്.
കേരളത്തില് നിന്നും തോമസ് ഐസക്കും വി.എസ്.അച്യുതാനന്ദനും കാരാട്ട് പക്ഷത്തിന്റെ നിലപാടിന് എതിരാണ്. എന്നാല് കോടിയേരി ബാലകൃഷ്ണന്, പിണറായി വിജയന് എന്നിവരുള്പ്പെട്ട പ്രമുഖരെല്ലാം കാരാട്ടിന് പിന്തുണ നല്കിയിരുന്നു. സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് അവസാനിക്കുകയാണ്. അടുത്ത പാര്ട്ടി കോണ്ഗ്രസ് പരിഗണിക്കാനുള്ള കരട് രാഷ്ര്ടീയ പ്രമേയത്തിന്റെ രൂപരേഖയ്ക്കു സിപിഐഎം കേന്ദ്ര കമ്മിറ്റി ഇന്ന് അന്തിമ രൂപം നല്കിയേക്കും.







Comments