
കൗമാരക്കാരായ ആണ്‍കുട്ടികള്‍ നടന്നു പോകുമ്പോള്‍ കൂടെ ഒരു പെണ്‍കുട്ടി ഉണ്ടെങ്കില്‍ സ്വഭാവികമായി ചോദിക്കുന്നത് അത് ഗേള്‍ഫ്രെണ്ട് ആണോയെന്നാണ്. പുസ്പ എന്ന ജക്കാര്‍ത്ത സ്വദേശിയായ യുവതിക്കും ഈ അനുഭവം ഒരുപാട് തവണ ഉണ്ടായിട്ടുണ്ട്. പുസ്പ തന്റെ മക്കള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു ഈ ചോദ്യങ്ങള്‍ നേരിട്ടിട്ടുള്ളത്. കാഴ്ചയില്‍ 30ന് അപ്പുറം പറയില്ലെങ്കിലും പുസ്പയ്ക്ക് ഇപ്പോള്‍ 50വയസ്സുണ്ട്. വിജയകരമായി യൂട്യൂബ് ചാനല്‍ നടത്തുന്ന പുസ്പ നല്ലൊരു സംരംഭക കൂടിയാണ്.
പിറന്നാള്‍ ദിനത്തില്‍ മക്കള്‍ക്കൊപ്പം നിന്നുള്ള ചിത്രം പങ്കുവച്ചപ്പോള്‍ പലര്‍ക്കും അത്ഭുതമായിരുന്നു, ഇത്രയും വലിയ മക്കളുടെ അമ്മയാണോ പുസ്പയെന്നാണ് എല്ലാവര്ക്കും അദ്ഭുതം തോന്നിയത്. ഇന്തോനേഷ്യയിലെ ടിവി ചാനലുകളില്‍ നിറഞ്ഞ സാന്നിധ്യവുമാണ് പുസ്പ. സമൂഹമാധ്യമത്തില്‍ പുസ്പയുടെ ചിത്രങ്ങളിലൊന്നു വൈറലായതോടായാണ് പുസ്പ പ്രശസ്തിയുടെ പടവുകള്‍ കയറിയത്. ഇന്ന് മൂന്ന് ലക്ഷം അടുത്ത് ആരാധകരാണ് പുസ്പയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. താന്‍ ഇപ്പോഴും യുവതിയായി ഇരിക്കുന്നെങ്കില്‍ അതിനു മക്കള്‍ക്കും വലിയ പങ്കുണ്ടെന്നു പുസ്പ പറയുന്നു. ഡയറ്റില്‍ കടുത്ത നിയന്ത്രണം പാലിക്കുന്ന പുസ്പ വ്യായാമത്തിനു വേണ്ടിയും ധാരാളം സമയം ചിലവഴിക്കാറുണ്ട്. നീന്തല്‍, ബാഡ്മിന്റണ്‍, സുംബാ ഡാന്‍സ് എന്നിവയും പുസ്പയുടെ ഇഷ്ടങ്ങളാണ്. ഒപ്പം വിശ്രമവും ചര്‍മ സംരക്ഷണത്തിന് ആവശ്യത്തിനു സമയവും കണ്ടെത്തുന്നുണ്ട് പുസ്പ.
തന്റെ സൗന്ദര്യ രഹസ്യം എന്താണെന്നു വെളിപ്പെടുത്താനും പുസ്പയ്ക്കു മടിയില്ല. ''ഞാന്‍ പ്രായമാകുംതോറും കാഴ്ചയില്‍ യുവത്വം കൂടുകയാണെന്നാണ് പലരും പറയുന്നത്. അതു ശരിയാണെന്നു തോന്നുന്നു. അതിനു കാരണം ഞാന്‍ സന്തുഷ്ടയായിരിക്കുന്നതാണ്. ഇപ്പോള്‍ മക്കളെല്ലാം വലുതായി, ഞാന്‍ ഇഷ്ടപ്പെട്ട ബിസിനസ് ചെയ്തു കൊണ്ടിരിക്കുകയാണ്. എപ്പോഴും സന്തുഷ്ടയായിരിക്കാന്‍ ശ്രമിക്കുന്നതു തന്നെയാകും എന്റെ സൗന്ദര്യത്തിന്റെയും രഹസ്യം '' പുസ്പ പറയുന്നു.