
ഹോണ്ടയുടെ സ്റ്റെപ് ത്രൂ മോട്ടോര്‍സൈക്കിളായ സൂപ്പര്‍ കബിന്റെ ഉത്പാദനം 10 കോടി തികഞ്ഞു. 1958 ഓഗസ്റ്റില്‍ ജപ്പാനിലെ യമാത്തോ ഹോണ്ട പ്ലാന്റില്‍ നിന്നാണ് ആദ്യ സൂപ്പര്കബ് പുറത്തിറങ്ങിയത്. അതായത് ഹോണ്ട കമ്പനി രൂപീകൃതമായി 10 വര്‍ഷം ആയപ്പോള്‍ . അനായാസം കാലെടുത്തുവച്ച് കയറാവുന്ന വിധം, താഴ്ന്ന ഫ്രെയിമുള്ള മോട്ടോര്‍ സൈക്കിളായ സൂപ്പര്കബ് ആറ് പതിറ്റാണ്ടോളമായി വിപണിയിലുണ്ട്.
ഹോണ്ട കബിന് 50 സിസി , ഫോര്‍ സ്ട്രോക്ക് എന്‍ജിനാണ് ഉപയോഗിച്ചിരുന്നത്. അധികവും ടൂ സ്ട്രോക്ക് ടൂവീലറുകളുണ്ടായിരുന്ന കാലത്തായിരുന്നു മികച്ച ഇന്ധനക്ഷമതയുള്ള ഫോര്‍ സ്ട്രോക്ക് എന്‍ജിനുമായി കബ് എത്തിയത്. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 100 സിസി എന്ജിന് വകഭേദവും പുറത്തിറങ്ങി. 2007 മുതല്‍ ഇലക്ട്രോണിക് ഫ്യുവല്‍ ഇന്ജക്ഷന് എന്ജിന് ഉപയോഗിക്കുന്നുണ്ട്. നിലവില്‍ 49 സിസി, 109 സിസി എന്ജിന് വകഭേദങ്ങള്‍ സൂപ്പര്‍ കബിനുണ്ട്. ഇപ്പോള്‍ 15 രാജ്യങ്ങളിലെ 16 ഹോണ്ട ഹോണ്ട പ്ലാന്റുകളില്‍ സൂപ്പര്‍ കബ് ഉത്പാദിപ്പിക്കുന്നുണ്ട്. 160 ലേറെ രാജ്യങ്ങളില്‍ ഈ മോഡല്‍ വില്‍പ്പന നടക്കുന്നു.
എം 80 എന്ന മോഡലിനെ ഇന്ത്യയില്‍ ബജാജ് അവതരിപ്പിച്ചത് ഹോണ്ട സൂപ്പര്‍ കബിനെ അനുകരിച്ചാണ്. 80 കളുടെ പകുതിയിലായിരുന്നു എം 80 യുടെ വരവ്. 74.08 സിസി, എയര്‍കൂള്‍ഡ് , ടൂ സ്ട്രോക്ക് എന്‍ജിനായിരുന്നു എം 80 യ്ക്ക്. മികച്ച മൈലേജും കഠിനമായ ഉപയോഗത്തിനു യോജിച്ച ഈടുറ്റ നിര്‍മിതിയും കുറഞ്ഞ പരിപാലനച്ചെലവും എം 80 യുടെ സവിശേഷതകളായിരുന്നു.






