ന്യൂഡല്‍ഹി: ഐസിസി വിലക്കില്ലെങ്കിലും ചട്ടങ്ങള്‍ അനുസരിച്ച ശ്രീശാന്തിന് മറ്റു രാജ്യങ്ങള്‍ക്കായി കളിക്കാനാവില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. തനിക്ക് മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കാമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്ന രംഗത്തു വന്നിരിക്കുന്നത്.
മാതൃരാജ്യത്തെ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയ ഒരു താരത്തിന് മറ്റു രാജ്യങ്ങള്‍ക്കായി കളിക്കാനാവില്ല. ഐസിസി നിയമത്തില്‍ ഇക്കാര്യങ്ങള്‍ വളരെ വ്യക്തമാണെന്നും ആക്ടിങ് പ്രസിഡന്റ് വ്യക്തമാക്കി.
ഐപിഎല്‍ ആറാം സീസണ് മത്സരങ്ങളില്‍ ഒത്തുകളി വിവാദത്തിലാണ് അച്ചടക്ക സമിതി ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റം ചെയ്തുവെന്ന് യാതൊരു തെളിവുമില്ലാതിരുന്നിട്ടും തന്നെ രക്ഷിക്കുവാന്‍ ആളുകള്‍ ഇല്ലാത്തത് കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം ശ്രീശാന്ത് പറഞ്ഞിരുന്നു. ബിസിസിഐ ഒരു സ്വകാര്യ സംഘടനയാണെന്നും ശ്രീശാന്ത് ഒരു മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു.
