
ചെന്നൈ: വിജയ് ചിത്രം മെര്‍സലിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മെര്‍സലിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തി. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. വിജയ് അഭിനയിക്കുന്ന ചലച്ചിത്രം ഒരു സിനിമ മാത്രമാണ്, അത് യഥാര്‍ത്ഥ ജീവിതമല്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ചിത്രം രാജ്യത്തെ കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നുവെന്നും ചിത്രത്തില്‍ ഉപയോഗിക്കുന്ന വ്യാജ സംഭാഷണങ്ങളും സീനുകളും പുതിയ നികുതി സമ്പ്രാദായത്തേയും ജി.എസ്.ടിയെയും കുറിച്ച് കാണികള്‍ക്കിടയില്‍ മിഥ്യാധാരണ പരത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതിയില്‍ എത്തിയത്. നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം സിനിമകളെ പ്രദര്ശിക്കാന് അനുവദിക്കരുതെന്നും മെര്‍സലിന് ഇടക്കാല സ്റ്റേ നല്‍കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു. അശ്വധമാന് എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.
ഹര്‍ജിക്കാരന്റെ ആവശ്യം പൂര്‍ണ്ണമായും തള്ളിയ കോടതി, സിനിമയെ സിനിമയായി മാത്രം കണ്ടാല്‍ മതിയെന്നും എന്തുകൊണ്ട് അതിനു കഴിയുന്നില്ല. സിനിമ തെറ്റിദ്ധാരണ പരത്തുമെന്ന് ആരാണ് പറഞ്ഞതെന്നും കോടതി വിമര്‍ശിച്ചു.
ഒക്ടോബര്‍ 18ന് റിലീസ് ചെയ്ത മെര്‍സലിനെതിരെ ബി.ജെ.പി നേരത്തെ രംഗത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് ചില രംഗങ്ങളില്മാറ്റം വരുത്താന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നുവെങ്കിലും കമല്ഹാസന്, വിശാല്‍ തുടങ്ങി തമിഴ് നടികള്‍ സംഘം അംഗങ്ങള്‍ സിനിമയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.






