
കൊല്ലം: ചവറയില്‍ പഴയ ഇരുമ്പുപാലം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ചവറ സ്വദേശി ശ്യാമള ദേവി ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ 20 പേരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ കെ.എം.എം.എല്ലിന് സമീപമുള്ള യൂണിറ്റിലേക്കുള്ള നടപ്പാലമാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ തകര്‍ന്നുവീണത്. കെ.എം.എംഎല്ലിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്.
പാലം തകര്‍ന്നുവീണത് പുഴയിലേക്കാണ്. നല്ല ആഴമുള്ള ഭാഗത്താണ് അപകടമുണ്ടായത്. കൂടുതല്‍ പേര് വെള്ളത്തില്‍ വീണിട്ടുണ്ടോയെന്ന് പരിശോധന തുടരുകയാണ്. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും സൂചനയുണ്ട്.
പുഴയ്ക്ക് കുറകെ കടക്കുന്നതിന് വര്‍ഷങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ചുവന്ന നടപ്പാലമാണിത്. കാലപ്പഴക്കം മൂലം പാലം ദുര്‍ബലമാണെന്നും നന്നാക്കണമെന്നും നാട്ടുകാര്‍ പല തവണ ആവശ്യപ്പെട്ടിരുന്നതാണ്.






