
കുളപ്പുള്ളി ലീലയ്ക്ക് ഇപ്പോള്‍ 64 വയസായി. മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളുടെ എണ്ണം വിരളം. എങ്കിലും കുളപ്പുള്ളി ലീലയുടെ വായാടിത്തമുള്ള ചടുലമായ ഭാവാഭിനയ ശൈലി മലയാളികള്‍ക്ക് ഇഷ്ടമാവുകയും ചെയ്തു.
മലയാളസിനിമയില്‍ നിന്നും കാര്യമായി ആരും അഭിനയിക്കാന്‍ വിളിക്കാറില്ല. തമിഴില്‍ മനസര്‍പ്പിച്ചാണ് കുളപ്പുള്ളി ലീല സഞ്ചരിക്കുന്നത്. തന്റെ മുന്നില്‍ കണ്ണീരുമായെത്തിയവരെയൊക്കെ സമ്പത്തികമായി സഹായിക്കാന്‍ യാതൊരു വിധ മടിയും കാണിച്ചില്ല. ഒടുവില്‍ സഹായം നേടിയവരില്‍ കൂടുതല്‍ പേരും കുളപ്പുള്ളി ലീലയെ പറ്റിച്ചു.
അമ്മ നല്കുന്ന അയ്യായിരം രൂപയുടെ പെന്ഷന് മരണംവരെ തന്റെ ജീവിതത്തിന് താങ്ങും തണലുമാവുമെന്ന് കുളപ്പുള്ളി ലീല വിശ്വസിക്കുന്നു.
ആരോരുമില്ലാത്ത കുളപ്പുള്ളി ലീലയ്ക്ക് അമ്മ മാത്രമാണുള്ളത്. വാര്‍ധക്യ സഹജമായ അസുഖം മൂലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ പരിചരിക്കുന്നതിനിടയിലാണ് അഭിനയിക്കാനും സമയം കണ്ടെത്തുന്നത്.
കുളപ്പുള്ളി ലീല തന്റെ ആത്മനൊമ്പരങ്ങളെല്ലാം ആരോടും പറയാതെ സ്വയം അനുഭവിക്കുകയാണ്. ഇന്നേവരെ ഒരു വരിപോലും കുറിച്ചിടാത്ത കുളപ്പുള്ളി ലീലയെ അമ്മയുടെ സ്നേഹനിലാവായാണ് കാവ്യദേവത കടാക്ഷിച്ചത്.
ആശുപത്രിയില്‍ അമ്മയെ പരിചരിക്കുന്നതിനിടയില്‍ മനസില്‍ നിറഞ്ഞ കവിത പുസ്തകത്തില്‍ കുറിച്ചിട്ട കുളപ്പുള്ളി ലീല തന്റെ ഇഷ്ടദേവനായ കൃഷ്ണനെക്കുറിച്ചും കവിതയെഴുതുന്നു.
ഇരിങ്ങാലക്കുടയില്‍ ചിത്രീകരണം നടന്ന സുവര്‍ണ്ണപുരുഷന്‍ എന്ന ചിത്രത്തിന്റെ സെറ്റിലാണ് സിനിമാമംഗളത്തിനു വേണ്ടി കുളപ്പുള്ളി ലീലയെ കണ്ടത്.
? മലയാളസിനിമയില്‍ ഈയിടെയായി കുളപ്പുള്ളി ലീലയുടെ സാന്നിധ്യമുണ്ടാവാറില്ലല്ലോ...
ഠ സത്യം പറഞ്ഞാല്‍ വല്ലാത്തൊരവസ്ഥയിലാണ് ഞാന്‍. ഇപ്പോള്‍ മലയാളസിനിമയില്‍ കാര്യമായ അവസരങ്ങള്‍ എനിക്കു ലഭിക്കാറില്ല. വിളിച്ചാല്‍ തന്നെ പ്രതിഫലമായി പതിനയ്യായിരം രൂപ നിശ്ചയിക്കുമ്പോള്‍ അയ്യായിരം രൂപ മതിയെന്നു പറഞ്ഞ് ഒതുക്കുന്നു.
അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ പ്രതിഫലം ഇത്ര രൂപ വേണമെന്നു പറഞ്ഞാല്‍ വളരെ കുറഞ്ഞ സംഖ്യക്ക് ചേച്ചിക്ക് പകരം മറ്റൊരാള്‍ ഉണ്ടെന്നുപറഞ്ഞ് ഒഴിവാക്കുന്നു. അഭിനയമല്ലാതെ മറ്റൊന്നും അറിയില്ലല്ലോ. 54-ാമത്തെ വയസില്‍ മറ്റൊരു ജോലിക്കും പോകാന്‍ കഴിയില്ലല്ലോ. സിനിമയോടൊപ്പം സീരിയുകളിലും ഞാന്‍ അഭിനയിച്ചിരുന്നു.
? സിനിമയില്‍ സജീവമായിരുന്നു എന്നിട്ടും ഒഴിവാക്കാനുള്ള കാരണം.
ഠ ഞാന്‍ അന്വേഷിച്ചപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ പ്രതിഫലം കൂടുതല്‍ ചോദിക്കുന്നു. സെറ്റിലെത്തുമ്പോള്‍ പ്രശ്നക്കാരിയായി മാറുന്നു തുടങ്ങിയ ആരോപണങ്ങളൊക്കെ എനിക്കെതിരെ ഉണ്ടെന്നാണ് ചിലര്‍ പറഞ്ഞത്.
സത്യം പറഞ്ഞാല്‍ അഭിനയിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുകയോ, സെറ്റില്‍ പ്രശ്നമുണ്ടാക്കുകയോ ഒന്നും ഞാന്‍ ചെയ്തിട്ടില്ല.
? നേരത്തെ അവസരം നല്കിയവരൊന്നും ഇപ്പോള്‍ വിളിക്കാറില്ലെ...
ഠ ഇല്ല. ആരും വിളിക്കാറില്ല. കസ്തൂരിമാനിലൂടെ ലോഹിതദാസാണ് എനിക്ക് സിനിമയില്‍ നല്ലൊരു മേല്‍വിലാസമുണ്ടാക്കിത്തന്നത്.
? അമ്മ നല്കുന്ന കൈനീട്ടം ആശ്വാസമായി മാറുന്നുണ്ടോ...
ഠ അമ്മ നല്കുന്ന അയ്യായിരം രൂപയുടെ കൈനീട്ടമാണ് എന്നെപ്പോലുള്ള കലകാരിയെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. മരണംവരെ അമ്മയുടെ കൈനീട്ടം ലഭിക്കുമെന്ന ആത്മവിശ്വാസമാണ് ജീവിതത്തില്‍ എന്നെപ്പോലുള്ളവര്‍ക്ക് ധൈര്യം പകരുന്നത്.
? നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ അമ്മ സംഘടനയെ പിരിച്ചുവിടണമെന്ന് ചിലര്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നുവല്ലോ...
ഠ ദിലീപിന്റെ വിഷയം വന്നപ്പോള്‍ അമ്മ സംഘടന പിരിച്ചുവിടണമെന്ന് പലരും ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ഇവരൊക്കെ എന്തിനാണ് അമ്മയ്ക്കെതിരെ തിരിയുന്നതെന്നറിയില്ല.
സംഘടന പിരിച്ചുവിടണമെന്ന് പറയുന്നവര്‍ക്കെല്ലാം ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളുണ്ട്. പക്ഷേ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഏക ആശ്രയം അമ്മയാണ്. ഞങ്ങളുടെ പ്രതീക്ഷയുടെ താങ്ങും തണലുമാണ് അമ്മ. അമ്മയുടെ സംരക്ഷണത്തില്‍ ജീവിക്കുന്ന ഒരുപാട് പേരുണ്ട്.
? സ്വന്തം ജീവിതംതന്നെ പ്രയാസകരമായി മുന്നോട്ടു പോകുമ്പോഴാണോ മറ്റുള്ളവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി കബളിപ്പിക്കപ്പെട്ടത്....
ഠ ഈ ചോദ്യം എന്നോട് പലരും ചോദിച്ചിട്ടുണ്ട്. വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിച്ച് ജീവിതവഴിയിലൂടെ കടന്നുവന്നയാളാണ് ഞാന്‍. മറ്റുള്ളവരെ സഹായിക്കാനുള്ള മനസുണ്ടെങ്കിലും അതിനൊരിക്കലും കഴിഞ്ഞിട്ടില്ല. ഞാന്‍ താമസിക്കുന്നിടത്ത് സിനിമാ നടിയെന്ന നിലയില്‍ എന്റെയടുത്ത് പലരും കണ്ണീരോടെ സങ്കടം പറഞ്ഞ് എത്താറുണ്ട്.
ജീവിതം പ്രയാസമാണെങ്കിലും പലരെയും എന്നാലാവുന്ന സഹായം നല്‍കിയിട്ടുണ്ട്. അടുത്ത കാലത്ത് വേണ്ടപ്പെട്ട കുടുംബത്തിന് പ്രയാസമുണ്ടായപ്പോള്‍ എന്റെ സ്വര്‍ണം പണയപ്പെടുത്തിയും ലോണെടുത്തും ഞാന്‍ സഹായം നല്കി. എന്നാല്‍ ഞാന്‍ സഹായിച്ചവര്‍ എന്നെ കബളിപ്പിച്ചു. അതെനിക്ക് വല്ലാത്തൊരു ഷോക്കായിരുന്നു.
? അമ്മവേഷം ചെയ്യുന്ന ഒരുപാട് താരങ്ങള്‍ പണിയില്ലാതെ വീട്ടിലിരിക്കുകയാണ്. തിരക്കഥാകൃത്തുക്കളുടെ കനിവിനായുള്ള കാത്തിരിപ്പാണിത്.
ഠ ശരിയാണ് സിനിമയില്‍ അമ്മമാര്‍ക്ക് സ്ഥാനമില്ലാതാകുന്ന കാലമാണിത്. പല കഥകളിലും അമ്മമാര്‍ നിര്ബന്ധമാവുന്നില്ലെന്നാണ് ചിലര്‍ പറഞ്ഞത്. ഞങ്ങളെപ്പോലുള്ളവരുടെ പ്രതീക്ഷ എഴുത്തുകാര്‍ തന്നെയാണ്. അവര്‍ അമ്മവേഷങ്ങള്‍ക്ക് പിറവി നല്കിയാല് ഞങ്ങളെപ്പോലുള്ള അമ്മമാര്‍ ജീവിച്ചുപോകും.
? സ്ത്രീകള്‍ കൂടുതലായി പീഡിപ്പിക്കപ്പെടുന്ന ഇന്നത്തെക്കാലത്ത് സ്ത്രീകളിലെ മദ്യപാനം പ്രധാന ഘടകമല്ലെ...
ഠ ഇന്നത്തെ കാലത്ത് പെണ്ണുങ്ങള് മാത്രമല്ല ആണുങ്ങളും പീഡിപ്പിക്കപ്പെടുകയല്ലെ. സ്ത്രീകളുടെ പീഡനം സഹിക്കുന്ന ഒരുപാട് പുരുഷന്മാര് നമ്മുടെ ഇടയിലുണ്ട്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും സംരക്ഷണവും ഒക്കെ വേണം. പക്ഷേ ആ സ്വാതന്ത്ര്യം തെണ്ടിത്തരം ചെയ്യുന്നതിനു വേണ്ടിയാകരുത്.
സ്ത്രീകളിലെ മദ്യപാനം കൂടിവരുന്ന കാലമാണിത്. മദ്യപിച്ച് സ്ത്രീകള്‍ അടുത്തകാലത്തുണ്ടാക്കിയ പ്രശ്നങ്ങളൊക്കെ നമ്മള് കണ്ടറിഞ്ഞതല്ലെ. സ്ത്രീകള്‍ മദ്യപിക്കുന്നുണ്ടെങ്കില്‍ അത് കുടുംബക്കാരുടെ വളര്‍ത്തുദോഷം തന്നെയാണ്.
കൈക്കരുത്തുള്ള ആങ്ങളമാരുണ്ടെങ്കില്‍ ഇങ്ങനെയൊന്നും നടക്കില്ല. മദ്യപിക്കുന്നതൊക്കെ ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. സ്വന്തം വീട്ടില്‍ എന്തുമാകാം. പക്ഷേ പുറത്തിറങ്ങി മദ്യപിച്ച് നാട്ടുകാരെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല.
? മലയാളസിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ തമിഴില്‍ ചുവടുറപ്പിക്കുകയാണോ...
ഠ അതെ. തമിഴില്‍നിന്നും ധാരാളം ഓഫറുകള്‍ ലഭിക്കുന്നുണ്ട്. മരുതിലെ അപ്പയെന്ന് വിളിക്കുന്ന മുത്തശ്ശിയുടെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. ബാല സംവിധാനം ചെയ്യുന്ന 'നാച്ചിയാര്‍' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നായകനായ ജി.വി. പ്രകാശിന്റെ പാട്ടിയമ്മയായിട്ടാണ് അഭിനയിക്കുന്നത്.
? അറുപത്തി നാലാം വയസിലും എന്താണ് പ്രതീക്ഷകള്‍...
ഠ അറുപത്തിനാലാമത്തെ വയസിലും മികവുറ്റ കഥാപാത്രങ്ങളെ പ്രതീക്ഷിക്കാറുണ്ട്. പിന്നെ ജീവിതാവസാനം വരെ അഭിനയിക്കണം. ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കണമെന്നതാണ് എന്റെ സ്വപ്നം.
-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍