
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണിലെ പുതിയ ഉദയം കിഡംബി ശ്രീകാന്ത് ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയതിനു പിന്നാലെ പത്മശ്രീ പുരസ്കാരത്തിനായി നാമനിര്‍ദേശം ചെയ്തു. മുന്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ ആണ് ശ്രീകാന്തിനായി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
അടുത്തിടെ ഫ്രഞ്ച് ഓപ്പണ്‍ നേടിയതോടെ ഈ വര്‍ഷം നാലു സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യനും ലോകത്തില്‍ നാലാമത്തെ താരവും എന്ന നേട്ടമാണ് തേടിയെത്തിയത്. പാര്‍ലമെന്ററികാര്യ മന്ത്രിയായ വിജയ് ഗോയല്‍ ബുധനാഴ്ചയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരകാര്യമന്ത്രി രാജ്നാഥ് സിങ്ങിന് കത്തെഴുതി. രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ പത്മശ്രീക്കായി നാമനിര്‍ദേശം ചെയ്തത്.
പത്മശ്രീക്കായുള്ള നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 15 നു കഴിഞ്ഞിരുന്നു. അതേതുടര്‍ന്നാണ് ആഭ്യന്തരമന്ത്രിക്ക് നേരിട്ട് വിജയ് ഗോയല്‍ ഇക്കാര്യം ആവശ്യപ്പെട്ട് കത്തെഴുതിയത്.
ജപ്പാന്റെ കെന്റ നിഷിമോട്ടേയെ തകര്‍ത്താണ് ശ്രീകാന്ത് ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ചൂടിയത്.






