
ഹോണ്ടയുടെ ഏറ്റവും പുതിയ സ്കൂട്ടര്‍ ഗ്രാസിയയുടെ വരവ് പ്രഖ്യാപിച്ചു.രാജ്യത്തെ എല്ലാ ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും 2000 രൂപ നല്കി ഗ്രാസിയ ബുക്ക് ചെയ്യാം. നവംബര്‍ 8 ന് വാഹനം എത്തുമെന്നാണ് സൂചന. അഡ്വാന്‍സ്ഡ് അര്‍ബന്‍ സ്കൂട്ടര്‍ എന്ന ആശയം മുന്‍നിര്‍ത്തി നിര്‍മ്മിച്ച ഗ്രാസിയ യുവതലമുറയെ ലക്ഷ്യമിട്ടാണ് എത്തുന്നത്. സുസുക്കി ആക്സസ് 125, വെസ്പ വിഎക്സ് 125, മഹീന്ദ്ര ഗസ്റ്റോ 125 എന്നിവയാണ് ഗ്രാസിയയെ കാത്തിരിക്കുന്ന എതിരാളികള്‍.
വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും കമ്ബനി പുറത്തുവിട്ടിട്ടില്ല. സൗകര്യ പ്രദമായ യാത്ര പ്രദാനം ചെയ്യുന്ന ഡിസൈനും ഉന്നത ഗുണനിലവാരവും ഉറപ്പു നല്‍കുന്നതാണ് ഗ്രാസിയ എന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. പുറത്തു വന്ന ടീസര്‍ ചിത്രങ്ങള്‍ പ്രകാരം ഡ്യുവല്‍ ടോണ്‍ ഫ്രണ്ട് കൗളില്‍ വി രൂപത്തിലുള്ള ഹെഡ്ലൈറ്റ് ഗ്രാസിയക്ക് സ്പോര്‍ട്ടി ലുക്ക് നല്‍കും.
ഇതോടൊപ്പം, ഡീലര്‍ഷിപ്പുകളില്‍ നിന്ന് പകര്‍ത്തിയ ഗ്രാസിയയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഇതുപ്രകാരം ഹോണ്ട ഡിയോയ്ക്ക് സമാനമായ സ്പോര്‍ട്ടി ലുക്കില്‍ ഹോണ്ട ആക്ടീവ 125 അടിസ്ഥാനത്തിലാണ് പുതിയ സ്കൂട്ടറിന്റെ നിര്‍മാണമെന്നാണ് സൂചന. ഡിജിറ്റല്‍ ഡിസ്പ്ലേ സൗകര്യമുള്ള പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഹോണ്ട നിരയില്‍ ഗ്രാസിയയെ വ്യത്യസ്തമാക്കും.ഏകദേശം 65000 രൂപ ഓണ്‍റോഡ് വില പ്രതീക്ഷിക്കാം. സ്കൂട്ടര്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരായ ഹോണ്ടയുടെ ആറ് മോഡലുകള്‍ നിലവില്‍ വിപണിയിലുണ്ട്.






