
കണ്ണൂര്‍: പുതുെവെപ്പ്, ഗെയ്ല്, കീഴാറ്റൂര്‍ പദ്ധതികള്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കേ, സി.പി.എം. ശക്തികേന്ദ്രമായ പയ്യന്നൂരിലും സമാനവിഷയത്തില്‍ സമരകാഹളം. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനും പെരുമ്പ പുഴയ്ക്കും മധ്യേ, വയലും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെട്ട 129.74 ഏക്കര്‍ കൃഷിഭൂമി ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികളുടെ എണ്ണസംഭരണ ടാങ്കുകള്‍ക്കായി വിട്ടുകൊടുക്കാനാണു നീക്കം. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം, െജെവെവെവിധ്യനിയമം, തീരദേശ പരിപാലനനിയമം എന്നിവ മറികടന്നാണിത്. പുതുെവെപ്പില് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇന്ധന ടാങ്കിനെതിരേ പ്രദേശവാസികള്‍ സമരത്തിലാണ്. സമാനമായ സമരമാണു പയ്യന്നൂരിലും ഒരുങ്ങുന്നത്.
സി.പി.എം. പ്രതിനിധിയായ സ്ഥലം എം.എല്‍.എയും പാര്‍ട്ടി നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ നഗരസഭയും പദ്ധതിക്ക് അനുകൂലമാണ്. ഇതോടെ കീഴാറ്റൂരിനു പിന്നാലെ, സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന മറ്റൊരു പരിസ്ഥിതിസമരത്തിനാണു പയ്യന്നൂരില്‍ കളമൊരുങ്ങുന്നത്. സ്ഥലമെടുപ്പു വേഗത്തിലാക്കാന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍, പ്രദേശത്തെ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണസമിതി വീടുകള്‍ സന്ദര്‍ശിച്ച് എണ്ണ സംഭരണകേന്ദ്രവുമായി ബന്ധപ്പെട്ട പാരിസ്ഥിതികാഘാതം ജനങ്ങളെ ബോധ്യപ്പെടുത്തിവരുകയാണ്. റിയല്‍ എസ്റ്റേറ്റ് ഇടപെടലുകളിലൂടെ പ്രതിഷേധത്തിന്റെ മൂര്‍ച്ച കുറയ്ക്കാനുള്ള നീക്കം അണിയറയില്‍ ശക്തമാണെന്നു സമിതി ചൂണ്ടിക്കാട്ടുന്നു.
പ്രദേശത്തു റിയല്‍ എസ്റ്റേറ്റ് ലോബി ഭൂമി വാങ്ങിക്കൂട്ടുകയാണ്. ആധാരത്തില്‍ നല്ലവില കാണിച്ച് വാങ്ങിക്കൂട്ടുന്ന ഭൂമി പദ്ധതിക്കായി സര്‍ക്കാരിനു പൊന്നുംവിലയ്ക്കു മറിച്ചുനല്കുകയാണു ലോബിയുടെ ലക്ഷ്യം. സെന്റിനു 2000 രൂപപോലും കിട്ടാതിരുന്ന ഭൂമിക്കാണ് അരലക്ഷത്തോളമായി വില ഉയര്‍ന്നത്. നിര്‍ദിഷ്ട പദ്ധതിപ്രദേശത്തു 14 വീടുകളേയുള്ളൂ. അതില്‍ 10 വീട്ടുകാര്‍ ഒഴിഞ്ഞുപോകാന്‍ തയാറാണ്. ഈ സാഹചര്യത്തില്‍ ശക്തമായ സമരം സംഘടിപ്പിക്കാനാണു പരിസ്ഥിതി പ്രവര്‍ത്തകരുടെ തീരുമാനം.
പദ്ധതി നടപ്പായാല്‍ 500 മീറ്റര്‍ പരിധിയില്‍ മനുഷ്യവാസം അസാധ്യമാണെന്നു വിശദീകരിച്ചാണു സമരസമിതി ജനങ്ങളെ സംഘടിപ്പിക്കുന്നത്. സമരക്കാരുമായുള്ള ചര്‍ച്ചയേത്തുടര്‍ന്ന്, പരിസ്ഥിതിപഠനം നടത്തി റിപ്പോര്‍ട്ട് നല്കാന് പദ്ധതി തയാറാക്കിയ കിറ്റ്കോ ലിമിറ്റഡിനോടു ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. എന്നാല്‍, അതിനിടയിലും പദ്ധതിക്കായുള്ള നീക്കം സജീവമാണ്. 39 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ഇരുപതോളം കൂറ്റന്‍ ടാങ്കുകളാണു പയ്യന്നൂരിലെ പുഞ്ചക്കാട്ട് സ്ഥാപിക്കാനുദ്ദേശിക്കുന്നത്. 53.98 ഏക്കറോളം കണ്ടല്‍ക്കാട് മേഖലയും 76.43 ഏക്കര്‍ വയലുമാണ് ഏറ്റെടുക്കപ്പെടുന്നത്.
സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതിക്ക് എണ്ണക്കമ്പനികള്‍ സമര്‍പ്പിച്ച സാധ്യതാപഠന റിപ്പോര്‍ട്ടില്‍ ഇവിടം വരണ്ടഭൂമിയായും ചതുപ്പുനിലമായുമാണു കാണിച്ചിരിക്കുന്നത്. പയ്യന്നൂരിന്റെയും പരിസരഗ്രാമങ്ങളുടെയും ജലസംഭരണിയായ ഈ പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യം മറച്ചുവച്ചാണിത്.
