കൊച്ചി: നടിയെ ഉപദ്രവിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഭീഷണി ഫോണ്‍ കോള്‍ വന്നത് നടന് ദിലീപ് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ അറിയിച്ചതിന് തെളിവ്. പര്സള് സുനിയുടെ ഫോണ്‍ കോള്‍ സംബന്ധിച്ച് 20 ദിവസം വൈകിയാണ് ദിലീപ് പരാതി നല്‍കിയതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആരോപണം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന പുതിയ തെളിവുകള്‍. സുനിയുടെ ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ ദിലീപ് ലോക്നാഥ് ബെഹ്റയെ വിളിച്ചിരുന്നു. ഇത് സംബന്ധിച്ച ഫോണ്‍ കോള്‍ രേഖകള്‍ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടു.
കൃത്രിമ തെളിവുകള്‍ സൃഷ്ടിച്ച് തന്നെ കുടുക്കുകയായിരുന്നെന്ന ദിലീപ് ആരോപണം ശരിവയ്്ക്കുന്ന തെളിവുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തന്നെ കുടുക്കുകയായിരുന്നെന്ന് ആരോപിച്ചും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും ദിലീപ് നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദിലീപിന്റെ ഫോണ്‍ രേഖകള്‍ പുറത്ത് വന്നത്.
പള്‍സര്‍ സുനിയുടെ ഭീഷണിയെക്കുറിച്ച് വാട്സ്ആപ്പിലൂടെയും ദിലീപ് പരാതി നല്‍കിയിരുന്നു. എന്നാല്‍ വാട്സ്ആപ്പ് വഴി നല്കിയ വിവരം പരാതിയായി കണക്കാക്കാനാകില്ലെന്നായിരുന്നു പോലീസ് നിലപാട്. ഇക്കഴിഞ്ഞ ഏപ്രില്‍ 22നാണ് ദിലീപിന്റെ പരാതി പോലീസിന് ലഭിച്ചത്. പള്‍സര്‍ സുനിക്ക് വേണ്ടി വിഷ്ണു ദിലീപിനെ ഫോണില്‍ വിളിച്ചത്. ഇരുപത് ദിവസം വൈകി ദിലീപ് പരാതി നല്‍കിയതില്‍ നിഗുഢതയുണ്ടെന്നാണ് പോലീസ് വാദം.
പള്‍സര്‍ സുനി ജയലില്‍ നിന്ന് അപ്പുണ്ണിയേയും നാദിര്‍ഷയേയും വിളിച്ച് പണം ആവശ്യശപ്പട്ടിരുന്നു. ഇക്കാര്യം അവര്‍ ദിലീപിനെ അറിയിച്ചു. എന്നാല്‍ 20 ദിവസങ്ങള്‍ക്ക് ശേഷം പരാതി നല്‍കുന്നത് വരെ ദിലീപ് ഒത്തുതീര്‍പ്പ് ശ്രമം നടത്തിയെന്നാണ് പോലീസിന്റെ ആരോപണം. എന്നാല്‍ ദിലീപ് ബെഹ്റയെ പല തവണ വിളിച്ചതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ബെഹ്റയുടെ സ്വകാര്യ നമ്പറായ 9654409230 എന്ന നമ്പറിലേക്കാണ് വിളിച്ചത്.
ഏപ്രില്‍ 10നാണ് ആദ്യ വിളി. നാദിര്ഷയോടും നിര്‍മ്മാതാവ് വ്യാസനോടും സംസാരിച്ച ശേഷം രാത്രി 9.57നാണ് ദിലീപ് ഡി.ജി.പിയെ വിളിച്ചത്. ഏപ്രില്‍ 10നാണ് നാദിര്‍ഷയ്ക്ക് പര്സള് സുനിയുടെ ആദ്യ ഫോണ്‍ കോള്‍ വന്നത്. തുടര്‍ന്ന് ഏപ്രില്‍ 18ന് ഉച്ചയ്ക്ക് 1.03നും 20ന് ഉച്ചയ്ക്ക് 1.55നും 21ന് വൈകിട്ട് 6.12നും ദിലീപ് ഡി.ജി.പിയെ വിളിച്ചിട്ടുണ്ട്. ഇതിന് പുറമെ പള്‍സര്‍ സുനിയുടെ ഫോണ്‍ കോളുകളുടെ റെക്കോര്‍ഡിംഗുകളും ദിലീപ് ബെഹ്റയുടെ വാട്സ്ആപ്പിലേക്ക് അയച്ചിരുന്നു.
