തൃശൂര്‍: ഇനി മലയാളത്തിലെ പഴയതും പുതിയതുമായ കഥകള്‍ യുട്യൂബിലൂടെ കേള്‍ക്കാം. യുട്യൂബ് കഥാചാനലിലൂടെ നവമാധ്യമലോകത്തില് പുതിയൊരുതീരം കണ്ടെത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. അക്ഷരങ്ങളെയും കഥകളെയും മലയാളഭാഷയെയും ഇഷ്ടപ്പെടുന്നവര്‍ക്കായി യുട്യൂബ് പ്ലാറ്റ്ഫോമില്‍ ഒരു പുതിയ പരീക്ഷണം. എഴുത്തുകാരന്റെ ശബ്ദത്തില്‍ത്തന്നെ ഇനി യുട്യൂബ് കഥാ ചാനലില്‍ കഥകള്‍ ആസ്വദിക്കാം. എല്ലാ കഥകളുടെയും തുടക്കമായ ഒരിടത്തൊരിടത്ത് എന്നു തന്നെയാണ് ചാനലിന്റെ പേര്. എം.ടിയും സേതുവും എം. മുകുന്ദനും അഷ്ടമൂര്‍ത്തിയും അയ്മനം ജോണും മുതല്‍ നവപ്രതിഭകളായ സോക്രട്ടീസ്, ബി. മുരളി, സീഅനൂപ് വിനോദ്കൃഷ്ണ, വിനോയ് തോമസ്, ഷിനിലാല്‍, മനോജ് വെള്ളനാട് എന്നിവരെല്ലാം കഥപറച്ചിലുകാരായി ഇവിടെ എത്തുന്നു.
ഇന്ത്യന്‍ പ്രാദേശിക ഭാഷാ ചരിത്രത്തില്‍ കഥകള്‍ക്ക് മാത്രമായുള്ള ആദ്യ ഓഡിയോ ചാനല്കൂടിയാണ് ഒരിടത്തൊരിടത്ത്. അതിന്റെ 45 കഥകളുടെ ആദ്യ പതിപ്പ് ഇന്നലെ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖന് മലയാളത്തിന് സമര്‍പ്പിച്ചു. ഡോ. കെ.പി. മോഹനന് കേരള സാഹിത്യ അക്കാഡമി സെക്രട്ടറി, ചാനല്‍ ഡയറക്ടര്‍ ജി.എസ്. മനോജ് കുമാര്‍, സാഹിത്യകാരന് അജിത് നീലാഞ്ജനം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ട്വിസ്റ്റ് ഡിജിറ്റല്‍ മീഡിയ ആണ് ഈ മഹത്തായ ഉദ്യമത്തിനു പിന്നില്‍. കോഴിക്കോട് ജില്ലയില്‍ കാഴ്ചയില്ലാത്തവര്‍ക്ക് കഥകള്‍ കേള്‍ക്കാനായി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയെന്ന വാര്‍ത്തയാണ് കഥാ ചാനലിന്റെ മുഖ്യ സൂത്രധാരനായ ജി.എസ് മനോജ്കുമാറിന് പ്രചോദനമായത്. ഇവിടെയാണ് കഥകേള്‍ക്കാന്‍ ഇഷ്ടമുള്ളവരുടെ ഉള്ളിലേക്ക് കഥകളെ അനായാസേന കടത്തിവിടുകയാണ് ഉദ്ദേശ്യം. കഥകള്‍ക്ക് സ്ഥിരമായ ഒരിടം നേടുന്നതിനൊപ്പം ആവര്‍ത്തിച്ച് കേള്‍ക്കാനുള്ള സാധ്യതയുമാണ് കഥാ ചാനലിന്റെ പ്രത്യേകത. എഴുത്തുകാര്‍ക്ക് സ്വന്തം വായനയിലൂടെ തങ്ങളുടെ കഥകള്‍ക്ക് പുതുജീവന്‍ നല്‍കാനും കഴിയും. ഓരോ സംപ്രേക്ഷണത്തിലും കഥകള്‍ വായിച്ചു എന്ന് അറിയാനുള്ള സംവിധാനവുമുണ്ട്. വായനക്കാര്‍ക്കു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുമാകും.






