
സ്കോഡ നിരയില്‍ നിന്നും ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ അതിഥിയാണ് എസ്യുവി കറോക്ക്. ആഗോള സുരക്ഷാ ഏജന്‍സിയായ യൂറോപ്യന്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം (Euro NCAP) നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് മാര്‍ക്കും നേടി സ്കോഡ കറോക്ക് കരുത്ത് തെളിയിച്ചു. യെറ്റിയുടെ പിന്‍വാങ്ങലിന് ശേഷം ഇന്ത്യന്‍ എസ്യുവി ശ്രേണിയിലേക്കുള്ള സ്കോഡയുടെ രണ്ടാം വരവാകും കറോക്ക്.2017 മെയ് മാസമാണ് കറോക്ക് എസ്യുവിയെ സ്കോഡ അവതരിപ്പിച്ചത്.
ഡ്രൈവര്‍ അടക്കം മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 93 ശതമാനം മാര്‍ക്ക് നേടിയപ്പോള്‍ പിന്‍സീറ്റിലിരുന്ന കുഞ്ഞിന് സംരക്ഷണമേകുന്ന കാര്യത്തില്‍ 79 ശതമാനമാണ് സ്കോഡ കറോക്ക് വിജയിച്ചത്. 73 ശതമാനം വിജയം കാല്‍നടയാത്രക്കാര്‍ക്ക് സംരക്ഷണം ഒരുക്കുന്നതില്‍ രേഖപ്പെടുത്തിയ കറോക്കില്‍, 58 ശതമാനമാണ് സുരക്ഷാ സംവിധാനങ്ങള്‍ മികവ് പുലര്‍ത്തിയതും.
മുന്നിലും പിന്നിലും ചൈല്‍ഡ് സീറ്റുകള്‍ക്കായുള്ള ISOFIX ക്ലിപ്പുകള്‍, ഏഴ് എയര്‍ബാഗുകള്‍, അപകടത്തിന്റെ ആഘാതം പ്രതിരോധിക്കുന്നതിന് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ഫ്രണ്ട് സീറ്റ് ഹെഡ്റെസ്റ്റുകള് എന്നിവയാണ് കറോക്കിലെ പ്രധാന സുരക്ഷാ സംവിധാനങ്ങള്‍. 2018 ന്റെ രണ്ടാം പാദത്തോടെ സ്കോഡ കറോക്ക് ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.






