
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹറു രാജ്യാന്തര സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ്-അമര്‍ തോമര്‍ കൊല്‍ക്കത്ത മല്‍സരത്തിന്റെ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആരാധകരുടെ പ്രതിഷേധം. പ്രതിഷേധം കനത്തതോടെ പോലീസ് രംഗത്തെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ അടങ്ങിയില്ല, പ്രതിഷേധ സൂചകമായി അരാധകര്‍ ടിക്കറ്റ് കൗണ്ടര്‍ അടിച്ചു തകര്‍ത്തു.
രാവിലെ മുതല്‍ ടിക്കറ്റിനായി കാത്തുനില്‍ക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിനു സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്പനയില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതറിയാതെ എത്തിയവരാണ് സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയവരില്‍ അധികവും.
ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കുന്നതല്ലെന്നു ബ്ലാസ്റ്റേഴ്സ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വ്യാപകമാണെന്നും ആളുകള്‍ പറയുന്നു.






