
ഇറ്റാലിയന്‍ ഇരുചക്ര വാഹനനിര്‍മാതാവായ അപ്രീലിയ എസ്ആര്‍ 150 സ്കൂട്ടറിനെ നാല് വ്യത്യസ്ത നിറങ്ങളില്‍ പുറത്തിറക്കുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു എസ്ആര്‍ 150 സ്കൂട്ടറിനെ വിപണിയിലെത്തിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ എസ്ആര്‍ 150 സ്കൂട്ടറിന്റെ റേസ് എഡിഷനെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ പുതിയ അപ്ഡേഷനുകളുമായി അവതരിച്ചിരിക്കുകയാണ് അപ്രീലിയ എസ്ആര്‍ 150.
മെറ്റാലിക് ഗ്രീന്‍, മെറ്റാലിക് ലൈറ്റ് ബ്ലൂ, മെറ്റാലിക് ഡാര്‍ക് ബ്ലൂ എന്നിവയാണ് പുത്തന്‍ കളര്‍ ഓപ്ഷനുകള്‍. അതേസമയം, നിലവിലെ ഗ്രാഫിക്സുകളിലൊന്നും മാറ്റം വരുത്തിയിട്ടില്ല. എസ്ആര്‍ 150 യുടെ സ്പോര്‍ടി ലുക്ക് വര്‍ധിപ്പിക്കുന്ന തരത്തിലുള്ളതാണ് പുതിയ കളര്‍ സ്കീം. ഡല്‍ഹി എക്സ്ഷോറൂം 69,600 രൂപ തന്നെയാണ് നാല് വ്യത്യസ്ത നിറങ്ങളില്‍ അവതരിച്ചിരിക്കുന്ന എസ്ആര്‍ 150 സ്കൂട്ടറിന്റെ വില.
10.25ബിഎച്ച്പിയും 11.40എന്‍എം ടോര്‍ക്കും നല്കുന്ന 154.8സിസി എന്ജിന് തന്നെയാണ് ഈ സ്കൂട്ടറിന്റെ കരുത്ത്. മുന്‍ഭാഗത്ത് ഹൈഡ്രൂലിക് ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രൂലിക് ഷോക്ക് അബോസര്ബറുകളുമാണുള്ളത്. ബ്രേക്കിങ് ചുമതല നിര്‍വഹിക്കുന്നതിനായി മുന്നില്‍ 220mm ഡിസ്ക് ബ്രേക്കും പിന്നില്‍ 140mm ഡ്രം ബ്രേക്കും സ്ഥാനംപിടിച്ചിട്ടുണ്ട്. 14 ഇഞ്ച് അലോയ് വീലുകളാണ് ഈ സ്കൂട്ടറിലെ മുഖ്യാകര്‍ഷണം. 14 ഇഞ്ച് അലോയ് വീലുകള്‍ ഉള്‍ക്കൊള്ളുന്ന ഒരെയൊരു സ്കൂട്ടര്‍ ആണ് അപ്രീലിയ എസ്ആര്‍ 150 എടുത്തുപറയേണ്ട മറ്റൊരു സവിശേഷത.






