
യമഹ മോട്ടോര്‍ ഇന്ത്യ പുതിയ YZF-R15 വി3.0, YZF-R3 ബൈക്കുകളുമായി വിപണിയിലെത്താനുള്ള ഒരുക്കത്തിലാണ്. അടുത്ത വര്‍ഷം ഓട്ടോ എക്സ്പോയ്ക്ക് മുമ്പായി തന്നെ അവതരണം നടത്തുമെന്നാണ് സൂചന. YZF-R3 എബിഎസ് ഉള്‍പ്പെടുത്തി കൊണ്ടാണ് അവതരിപ്പിക്കുന്നത്. YZF-R15 വി3.0 പരീക്ഷണയോട്ടങ്ങള്‍ ഇതിനകം തന്നെ യമഹ പൂര്‍ത്തീകരിച്ചിരുന്നു. YZF-R15 വി3.0 യില്‍ പതിവ് ടെലിസ്കോപിക് ഫോര്‍ക്കുകള്‍ക്ക് പകരം തലകീഴായ ഫോര്‍ക്കുകളായിരിക്കും സ്ഥാനം പിടിക്കുക.
YZF-R15 വി3.0യ്ക്ക് നല്‍കിയിരിക്കുന്നത് മുന്‍ മോഡലായ YZF-R1ന് സമാനമായുള്ള ഡിസൈന്‍ ഫീച്ചറുകളാണ് . പുതിയ 155സിസി ലിക്വിഡ് കൂള്‍ഡ് സിങ്കിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. സ്ലിപ്പര്‍ ക്ലച്ചോട് കൂടിയ 6 സ്പീഡ് ഗിയര്‍ബോക്സും എന്‍ജിനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എബിഎസ് ലഭ്യമാക്കിയിട്ടില്ല. കൂടാതെ, അഗ്രസീവ് ലുക്ക് പകരുന്നതിന് ട്വിന്‍ എല്‍ഇഡി ഹെഡ് ലാമ്പും ഇടംതേടിയിട്ടുണ്ട്.
YZF-R3 വിപണിയില്‍ നിന്നും പിന്‍വാങ്ങിയത് ഇന്ത്യയില്‍ ബിഎസ്-IV ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയതിന് ശേഷമായിരുന്നു . ഇപ്പോള്‍ YZF-R3 ബിഎസ്-IV ചട്ടങ്ങള്‍ പാലിക്കുന്ന പുതിയ 300സിസി പാരലല്‍ ട്വിന്‍ എന്‍ജിനുമായിട്ടാണ് അവതരിക്കുക. 41ബിഎച്ച്പിയും 29.6എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിനുല്പാദിപ്പിക്കുന്നത്. എന്നാല്‍, മറ്റ് ഫീച്ചറുകളിലൊന്നും മാറ്റം വരുത്തിയിട്ടില്ല. മൂന്ന് വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലായിരിക്കും YZF-R3 അവതരിക്കുക എന്നാണ് റിപ്പോര്‍ട്ട്.






