ബെല്‍ഗാം: മാധ്യമങ്ങളോട് സംസാരിച്ചിരിക്കവെ പിന്നില്‍ വന്ന് സെല്‍ഫിയെടുത്ത വിദ്യാര്‍ത്ഥിക്ക് മന്ത്രിയുടെ വക ഉഗ്രന്‍ തല്ല്. കര്‍ണാടകത്തിലെ ഉര്‍ജ്ജമന്ത്രി ഡി.കെ. ശിവകുമാര്‍ ആണ് ഇത്തരത്തില്‍ പ്രതികരിച്ചത്. സംഭവം മാധ്യമങ്ങളുടെ ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുത്തപ്പോള്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു.
ബെല്‍ഗാം കോളജില്‍ ബാലാവകാശത്തെ സംബന്ധിച്ച ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ മാധ്യമങ്ങളെ കാണുമ്പോഴാണ് സംഭവം. പിന്നില്‍ വന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ കൈയില്‍ വീശിയടിക്കുകയായിരുന്നു മന്ത്രി. അടിയുടെ ആഘാതത്തില്‍ മൊബൈല്‍ തെറിച്ചു വീഴുന്നതും ദൃശ്യത്തില്‍ കാണുവാന്‍ സാധിക്കും.
''അടിസ്ഥാനപരമായ ഒരു സാമാന്യ ബുദ്ധി വേണം. താന്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഒരാള്‍ക്ക് എങ്ങിനെ സെല്‍ഫിയെടുക്കാന്‍ സാധിക്കുന്നു ? ഇതൊരു സാധാരണ സംഭവമാണ്'' ഇതിനെക്കുറിച്ച് മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
#WATCH Karnataka Min DK Shivkumar hits a man who was taking a selfie during a child rights event at a college in Belgaum (Mobile Video) pic.twitter.com/Sc2jMyK08a
— ANI (@ANI) November 20, 2017
ഈ മാസമാദ്യം ആദായ നികുതി വകുപ്പിന്റെ പരിശോധനയും ചോദ്യം ചെയ്യലും നടന്നിരുന്നു. പണവും ആഭരണങ്ങളും മറ്റ് സ്വത്തുക്കളും സംബന്ധിച്ചുള്ള രേഖകളും കണ്ടെത്തിയിരുന്നു. എന്നാല്‍, തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് അദ്ദേഹം മറുപടി പറഞ്ഞിരുന്നു.






