
ചെറുഎസ്.യു.വികളിലെ വ്യത്യസ്ത രൂപമാണ് നെക്സോണിന്. 2014 ഡല്‍ഹി ഓട്ടോഎക്സ്പോയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡലിന്റെ അതേ രൂപം. പറയുമ്പോള്‍ ചെറു എസ്.യു.വിയെങ്കിലും രൂപഗുണത്തില്‍ വലിയ എസ്.യു.വികള്‍ സുല്ലിടും. പുതിയ നെക്സോണിന്റെ മുന്‍ഭാഗത്തുനിന്നാണ് ഒരു എസ്.യു.വിയുടെ സ്വഭാവം മനസ്സിലാകുക. അതിന് ഒരുപാട് ഘടകങ്ങള്‍ അതിനെ സഹായിക്കുന്നുണ്ട്. ബോണറ്റില്‍ നോക്കുമ്പോള്‍ കാണുന്ന ലൈന്‍സും, അതുപോലെ കൊടുത്തിരിക്കുന്ന മാസ്ക്യൂലീന് ഫീലുമൊക്കെ ഒരു എസ്.യുവിയുടെ ക്യാരറ്റര്‍ നല്കുന്നു.
ഹെഡ് ലാംപ് നോക്കിയാല്‍ ഉയര്‍ന്നു നില്ക്കുന്നൊരു ഡിസൈനാണ് നെക്സോണിലേത്. അതോടൊപ്പം തന്നെ ഉയര്‍ന്നു നില്ക്കുന്ന ഇന്ഡിക്കേറ്റേഴ്സാണ് നല്‍കിയിരിക്കുന്നത്. പല ഇന്റര്‍നാഷ്ണല്‍ എസ്.യുവികള്‍ക്കും നല്കിയിരിക്കുന്നൊരു പ്രൊഫൈലാണ് ടാറ്റാ നെക്സോണിന് നല്‍കിയിരിക്കുന്നത്. മെഷ് ഗ്രില്ലിന് കൊടുത്തിരിക്കുന്ന ഗ്ളോസി ഫിനിഷ് ഒരു പ്രീമിയം ടച്ച് നല്കുന്നു. ചിരിക്കുന്ന ടാറ്റയുടെ മുഖം തന്നെയാണ് നെക്സോണിന്റെയും പ്രത്യേകത. പഴയ ലോഗോയില്‍നിന്നും ഇത്തിരി വലിയൊരു ലോഗോ ഡിസൈന്‍ ചെയ്യുകയും അത് വാഹനത്തില്‍ ബില്‍ഡ് ചെയ്യുകയും ചെയ്തിരിക്കുന്നു. വലിയൊരു ബംമ്പറും അതില്‍ വലിയൊരു എയര്‍ വിന്‍ഡും ഒപ്പം ഫോഗ് ലാമ്പും നല്കിയിരിക്കുന്നു. എല്ലാം തന്നെ വാഹത്തിന് കരുത്തു നല്കുന്ന ഫീച്ചേഴ്സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നെക്സോണ്‍ റിവ്യൂ വിഡിയോ കാണാം
വശങ്ങള്
വശങ്ങളിലേക്ക് എത്തുമ്പോഴാണ് എസ്.യുവിയുടെയും ഒരു ക്രോസ്-ഓവറിന്റെയും ക്യാരറ്റര്‍ കാണാന്‍ സാധിക്കും. ഫ്രണ്ടില്‍ വന്നിരിക്കുന്ന തടിച്ച വീല്‍-ആര്‍ച്ച് റിയറും വാഹനത്തിന്റെ ഹൈറ്റും ഗ്രൗണ്ട് ക്ലിയറന്‍സും ഒരു എസ്.യുവിടേതുതന്നെയാണ്.
209 എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ് നെക്സോണിന്റെത്. റൂഫ് ലൈന്‍ നോക്കിയാല്‍ സി പില്ലറിലേക്ക് ഒലിച്ച് ഇറങ്ങുന്ന് ഒരു ഡിസൈനാണ് നെക്സോണിന് നല്‍കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഒരു വൈറ്റ് ക്ലാഡിങും നല്കിയിരിക്കുന്നു. ആ ഒരു ക്ലാഡിങ് സൈഡില്‍ നിന്ന് റിയറിലേക്ക് കണ്ട്യൂന്യൂ ചെയ്ത് പോയിട്ടുണ്ട്.
ടയര്‍
ഒരു സ്പോര്‍ട്ടി ക്യാരറ്ററോട് കൂടിയ അലോയിയാണ് വീല്‍സിന് നല്‍കിയിരിക്കുന്നത്. 5 സ്പോക്കോടുകൂടിയിട്ടുള്ള ബ്ലാക്ക് ആന്‍ഡ് ഗ്രേ കളറും കൂടിയാണ് അലോയി വാഹനത്തിന്റെ സൈഡ് പ്രൊഫൈലിനെ മനോഹരമാക്കുന്നു. പ്രൊഫൈല്‍ കൂടിയ ടയര്‍ റൈഡിന് സുരക്ഷയൊരുക്കുന്നു.
റിയര്‍
റിയറിലേക്ക് എത്തുമ്പോള്‍ ഒരു ക്രോസ് ഓവര്കൈഡ് ഫീലാണ് ലഭിക്കുക. എസ്.യുവിയും ഹാച്ച്ബാക്കും ചേര്‍ന്നിട്ടുള്ളൊരു ഡിസൈന്‍ റിയറില്‍ കാണാന്‍ സാധിക്കും. വലിയ വാഹനങ്ങളിലെ ഒരു ട്രീറ്റമെന്റാണ് റിയറില്‍ കാണാന്‍ സാധിക്കുന്നത്. എക്സ് ട്രീറ്റ്മെന്റെ് വാഹനത്തില്‍ റിയറില്‍ കാണാം. നേരത്തെ കണ്ട ആ ഒരു വൈറ്റ് ക്ലാഡിങിന്റെ ഫിനിഷിങ് ഇവിടെയും ഉണ്ട്. ചെറിയൊരു ടെയ്ല് ലാമ്പാണ് നെക്സോണില്‍ വരുന്നത്. ഒരു മാസിവ് ഫീല്‍ തരാന്‍ ഏറെ സഹായിക്കുന്ന വിധത്തിലാണ് അത് ബില്‍ഡ് ചെയ്തിരിക്കുന്നത്. സ്പോര്ടിയായിട്ടുള്ള ഒരു സ്പോയിലറും ഉണ്ട്.
ഇന്റീരിയര്‍
യൂറോപ്യന്‍ കാറുകളോടു കിടപിടിക്കുന്ന ഉള്‍വശമാണ് നെക്സോണിന്. മികച്ച ബില്‍ഡ് ക്വാളിറ്റി. വോയ്സ് കമാന്‍ഡ് അനുസരിക്കുന്ന മ്യൂസിക് സിസ്റ്റവും ഫോണും മറ്റും. ടിയാഗോ വിപണിയില്‍ തുടക്കമിട്ട പുതുതരംഗം നെക്സോണിലും ടാറ്റ പിന്തുടര്ന്നിരിക്കുന്നത് കാണാം.
നേര് രേഖകളിലുള്ള ഒരു ഫ്ളാറ്റായിട്ടുള്ള ഡിസൈന്‍ കണ്‍സെപ്റ്റാണ് ഡാഷ് ബോര്‍ഡിന് നല്‍കിയിരിക്കുന്നത്. പ്രീമിയം ഫീല്‍ നല്‍കുന്നതിനായി പിയാനോ ബ്ലാക്ക് ഫിനിഷും നല്കിയിരിക്കുന്നു. റിവേഴ്സ് ക്യാമറയോടു കൂടിയതാണ് 6.5 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് നെക്സോണിന്റെത്. വലിയ വാഹനങ്ങളില്‍ കണ്ടിരിക്കുന്നതുപോലെ ഡാഷിനുള്ളില്‍ നിന്നും പുറത്തേയ്ക്ക് എടുത്തുവച്ചിരിക്കുന്ന രീതിയിലാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ബില്‍ഡ് ചെയ്തിരിക്കുന്നത്.
ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കണ്ട്രോള്, പിന്നിലെ എസി വെന്റുകള്‍, എട്ടു സ്പീക്കറുകളുള്ള ഹര്മന് മ്യൂസിക് സിസ്റ്റം എന്നിവ നെക്സോണിലുണ്ട്. കൂള്‍ഡ് ഗ്ളൗ ബോക്സും പ്രീമിയം ഫിനിഷിലുള്ള ഗിയര്‍ബോക്സും നെക്സോണിന്റെ പ്രത്യേകതകളാണ്. ഇലക്ട്രിക് സ്റ്റിയറിങ്ങാണ് നെക്സോണിന് നല്‍കിയിരിക്കുന്നത്.
ലേ ഔട്ടിനെക്കുറിച്ച് പറയുമ്പോള്‍ കളര്‍ സ്കീമിനെക്കുറിച്ചും പറയേണ്ടിയിരിക്കുന്നു. മൊത്തത്തില്‍ ഒരു ബ്ലാക്ക് തീം നല്കിയിരിക്കുന്നു. അതിന് പുറമെ ഗ്രേ ഫിനിഷും അതോടൊപ്പം ഗ്ളോസി ബ്ലാക്കും നല്കിയിരിക്കുന്നു. എസി വിന്‍ഡ് ലേ ഔട്ടിന് താഴെയായി സ്വീച്ചുകളും നല്കിയിരിക്കുന്നു. എല്ലാം തന്നെ വളരെ നന്നായി ബില്‍ഡ് ചെയ്തിട്ടുണ്ട്.
ഗിയറിനോട് ചേര്‍ന്ന് 3 ഡ്രൈവിംഗ് മോഡ് നല്‍കിയിട്ടുണ്ട്. 31 വ്യത്യസ്ത സ്റ്റോറേജുകളാണ് നെക്സോണിലുള്ളത്. റോള്‍സ്റോയ്സിന്റെ കാറുകളില്‍ കാണുന്നതുപോലെ നനഞ്ഞ കുട സൂക്ഷിക്കാനുള്ള പ്രത്യേക അറ കാറിലുണ്ട്. മികച്ച കുഷ്യനുള്ള സീറ്റുകളും ലൈഗ് റൂമും ഹെഡ് റൂമും നെക്സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതുകൊണ്ടു തന്നെ യാത്രാസുഖത്തില്‍ കുറവില്ല.
വളരെ മികച്ചൊരു ഫാബ്രിക്കാണ് ടാറ്റാ നെക്സോണിന്റെ സീറ്റില്‍ കാണാന്‍ സാധിക്കുന്നത്. ബ്ലാക്ക് ഫാബ്രിക്കില്‍ ടെക്സ്റ്ററേടുകൂടിയ ഒരു തീം കൊടുത്തിരിക്കുന്നത് കാണാം.
എന്ജിന്
രണ്ട് രീതിയിലുള്ള എന്‍ജിനാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടാറ്റ വികസിപ്പിച്ച 'റെവോട്രോണ്‍' ശ്രേണിയില്‍പ്പെട്ട പുതിയ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 'റെവോടോര്‍ക്' ശ്രേണിയിലെ പുതിയ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് നെക്സോണില്‍ ഉപയോഗിക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമതയും മികച്ച പ്രകടനവുമാണ് എന്‍ജിനുകള്‍ക്ക്. നാലു സിലിണ്ടര്‍ ഡീസല്‍ എന്ജിന് 3,750 ആര്.പി.എമ്മില്‍ 110 പി.എസ് വരെ കരുത്തും 1,500 - 2,750 ആര്.പി.എമ്മില്‍ 260 എന്‍.എം വരെ ടോര്‍ക്കും നല്‍കും. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്ജിന് സൃഷ്ടിക്കുന്ന പരമാവധി കരുത്താവട്ടെ 5,000 ആര്.പി.എമ്മില്‍ 110 പി.എസ് ആണ്. 2,000 മുതല്‍ 4,000 ആര്.പി.എമ്മില്‍ 170 എന്‍.എമ്മാണ് ഈ എന്‍ജിന്റെ പരമാവധി ടോര്‍ക്. ആറു സ്പീഡാണ് ഗിയര്‍ ബോക്സ്. മികച്ച ഡ്രൈവാണ് ഇരു എന്‍ജിനുകളും സമ്മാനിക്കുന്നത്.
പിന്‍ഭാഗം
വാഹനത്തിന്റെ നീളം 4 മീറ്ററില്‍ താഴെയാണെങ്കിലും ഉള്ളില്‍ ഇരിക്കുമ്പോള്‍ അത്തരത്തിലൊരു തോന്നലേ ഉണ്ടാകില്ല. നല്ല സ്പെയ്സ് അനുഭവപ്പെടുണ്ട്. വാഹനം പുറമേ നിന്ന് കാണുമ്പോള്‍ ചെരിഞ്ഞ് ഇറങ്ങുന്ന റൂഫ്ലൈനാണെങ്കില് പോലും പിന്ഭാഗത്തിരിക്കുമ്പോള് ഹെഡ്റൂം കുറയുന്നില്ല എന്നത് എടുത്ത് പറയേണ്ടിരിക്കുന്നു. അത്തരത്തിലൊരു മാജിക്കാണ് ടാറ്റാ നെക്സോണില്‍ സാധിച്ചിരിക്കുന്നത്. പിന്ഭാഗത്തിരിക്കുന്നവര്ക്കും നല്ല യാത്രാസുഖം അതോടൊപ്പം തന്നെ നല്ല തൈ സപ്പോര്‍ട്ടുമുള്ള സീറ്റാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. കൈ വെയ്ക്കാനൊരു ഹാന്‍ഡ്റെസ്റ്റും നല്‍കിയിട്ടുണ്ട്. ഇതില്‍ തന്നെ കപ് ഹോള്‍ഡേഴ്സും നല്‍കിയിട്ടുണ്ട്.
പിന്ഭാഗത്തിരിക്കുന്നവര്ക്കും എസി വെന്റുകള്‍ നല്കിയിരിക്കുന്നു. അതോടൊപ്പം തന്നെ ഫാനിന്റെ സ്പീഡ് പിന്ഭാഗത്തിരിക്കുന്നവര്ക്കും അഡ്ജസ്റ്റ് ചെയ്യാവുന്ന വിധത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മികച്ച് മ്യൂസിക് സിസ്റ്റമാണ് വാഹനത്തിലുള്ളത്. അതിന്റെ 2 സ്പീക്കേഴ്സും 2 ട്യൂറ്റേഴ്സും പിന്‍ഭാഗത്ത് നല്‍കിയിട്ടുണ്ട്. ഒട്ടുംതന്നെ കുറവില്ലാത്തൊരു ലെഗ് സ്പെയ്സും പിന്‍ഭാഗത്തും നല്‍കിയിട്ടുണ്ട്.
യാത്രയെ സഹായിക്കുന്ന മറ്റ ഘടകങ്ങള്‍ കൂടി നെക്സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്.യുവികളുടെ മറ്റൊരു പ്രത്യേകത എന്ന് എടുത്ത് പറയേണ്ടത് ഉയര്‍ന്ന സീറ്റിങ് പൊസിഷനാണ്. നെക്സോണിന്റെ കാര്യത്തില്‍ അത് വളരെ നന്നായിട്ടുതന്നെ അനുഭവപ്പെടും. ഡ്രൈവര്‍ സീറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് സീറ്റിംഗ് പൊസിഷനും ഉയരവും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും.
വില
എതിരാളികളെ നിഷ്പ്രഭമാക്കുന്ന വിലയിലാണ് നെക്സോണിന്റെ വരവ്. പെട്രോള്‍ വേരിയന്റിന് 5.85 ലക്ഷം രൂപയാണ് നെക്സോണിന്റെ ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭ വില. ടോപ് സ്പെക്കിന് 8.6 ലക്ഷവും. ഡീസല്‍ വേരിയന്റിന് 6.85 ലക്ഷം രൂപയാണ് നെക്സോണിന്റെ ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭ വില. ടോപ് സ്പെക്കിന് 9.45 ലക്ഷവുമാണ് വില.