
നാസിക് : ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ്, സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്ന് വിജയകരമായി പരീക്ഷിച്ച് മിസൈല്‍ പ്രതിരോധ രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യ. ഒരു ദീര്‍ഘദൂര പോര് വിമാനത്തില്‍ ശബ്ദാതിവേഗ മിസൈല്‍ ഘടിപ്പിക്കുന്നത് ലോകത്തെ തന്നെ ആദ്യ സംഭവമാണ്. അതുകൊണ്ടു തന്നെ ഈ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇതോടെ ഇന്ത്യയ്ക്ക് സ്വന്തം.
വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍ പോലും ആക്രമണം നടത്താന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രധാന ഗുണം. സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലിന് മണിക്കൂറില്‍ 3200 കിലോമീറ്റര്‍ വേഗമാണ് ഉള്ളത്. കരയില്‍ നിന്നും കടലില്‍ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസിന്റെ വിവിധ രൂപങ്ങള്‍ സേനയ്ക്ക് സ്വന്തമായുണ്ട്. മഹാരാഷ്ട്രതയിലെ നാസിക്കില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ആയിരുന്നു ബ്രഹ്മോസ്-സുഖോയ് സംയോജനം. വ്യോമസേനയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയും പങ്കാളികളായി.
ബ്രഹ്മോസ് മിസൈല്‍ ഇന്ത്യയും റഷ്യയും ചേര്‍ന്നാണ് വികസിപ്പിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ മുന്‍നിര പോരാളികളായ കൊല്‍ക്കത്ത, രണ്‍വീര്‍, തല്‍വാര്‍ വിഭാഗം കപ്പലുകള്‍ക്ക് കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാന്‍ ശേഷിയുണ്ട്. മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ കപ്പലുകളില്‍ നിന്നു ബ്രഹ്മോസ് മിസൈലുകള്‍ തൊടുക്കാനാകും. ഒപ്പം ഒരേസമയം വ്യത്യസ്ത ദിശകളിലേയ്ക്ക് കൃത്യമായി അയയ്ക്കാനും കഴിയും.
എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരാനും എത്ര വലിയ ലക്ഷ്യമായാലും പൂര്‍ണ്ണമായും തകര്‍ക്കാനും ബ്രഹ്മോസിന് കഴിയും. കേരളത്തിലും ബ്രഹ്മോസിന്റെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇവ ഹൈദരാബാദിലാണ് കൂട്ടിച്ചേര്‍ത്തത്.






