
പുതിയ രണ്ട് ബൈക്കുകള്‍ കൂടി ബിഎംഡബ്ല്യു മോട്ടോറാഡ് നിരയിലേക്ക് എത്തി. പുതിയ R നയന്‍ടി റേസര്‍, K 1600B ബാഗര്‍ മോട്ടോര്‍സൈക്കിളുകളെ ഗോവയില്‍ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ബൈക്ക് വീക്കില്‍ ബിഎംഡബ്ല്യു അവതരിപ്പിച്ചു. ബിഎംഡബ്ല്യു K 1600B ബാഗറിന്റെ ഡല്‍ഹി എക്സ്ഷോറൂം വില 29 ലക്ഷം രൂപയാണ്.
2016 ല്‍ തന്നെ വിവിധ രാജ്യാന്തര വിപണികളില്‍ K 1600B ബാഗറിനെ ബിഎംഡബ്ല്യു മോട്ടോറാഡ് അവതരിപ്പിച്ചിരുന്നു. K 1600GT യെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ K 1600B ബാഗറിനെ ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്. K 1600B ബാഗറിന്റെ പ്രധാന ആകര്‍ഷണം എന്ന് പറയുന്നത് പുത്തന്‍ ടെയില്‍ എന്‍ഡാണ് . ഉയരം കുറഞ്ഞ ഇന്ത്യന്‍ റൈഡര്‍മാര്‍ക്ക് വേണ്ടി മോട്ടോര്‍സൈക്കിളിന്റെ സീറ്റ് ഉയരം കമ്ബനി പ്രത്യേകം കുറച്ചിട്ടുണ്ട്. വിന്‍ഡ് ഡിഫ്ളക്ടറുകളോടൊപ്പമുള്ള പുതിയ സൈഡ് പ്രൊഫൈല്‍ മോട്ടോര്‍സൈക്കിളിന്റെ മറ്റൊരു സവിശേഷതയാണ്. 37 ലിറ്റര്‍ സ്റ്റോറേജ് സ്പെയ്സ് നല്‍കുന്നതാണ് പാനിയറുകള്‍. ഇലക്ട്രിക്കലി അഡ്ജസ്റ്റബിള് വിന്‍ഡ്സ്ക്രീനും K 1600B ബാഗറില്‍ ഒരുങ്ങിയിട്ടുണ്ട്.
പുതിയ K 1600B ബാഗര്‍ 1,649 സിസി ഇന്‍ലൈന്‍ സിക്സ്-സിലിണ്ടര്‍ എഞ്ചിനിലാണ് അണിനിരക്കുന്നത്. 160 bhp കരുത്തും 175 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഒരുങ്ങുന്നതും. സാറ്റലൈറ്റ് റേഡിയോ, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 5.7 ഇഞ്ച് ഫുള്‍-കളര്‍ TFT ഇന്‍സ്ട്രമെന്റ് കണ്‍സോളാണ് K 1600B യുടെ മറ്റൊരു ഫീച്ചര്‍.






