അന്തരിച്ച നടനും മിമിക്രി താരവുമായ അബി സൗഹൃദ സദസുകളില്‍ ധാരാളം തമാശകള്‍ പറഞ്ഞിരുന്നയാളാണ്. തങ്ങളെ പൊട്ടിച്ചിരിപ്പിച്ചിരുന്ന അബിയെക്കുറിച്ച് സുഹൃത്തുക്കള്‍ക്കെല്ലാം ധാരാളം ഓര്‍മ്മകളുണ്ട്. ഇത്തരത്തിലൊരു അനുഭവം ഓര്‍ത്തെടുക്കുകയാണ് അബിയുടെ സുഹൃത്തും നടനുമായ കലാഭവന്‍ ഹനീഫ്. തമാശകള്‍ സന്ദര്‍ഭോചിതമായി പ്രയോഗിക്കുന്നതില്‍ അബിക്കുള്ള കഴിവാണ് ഹനീഫ് ഓര്‍ത്തെടുക്കുന്നത്.
ഒരിക്കല്‍ വിദേശപര്യടനത്തിന് പോയപ്പോള്‍ അബി തന്റെ സ്വതസിദ്ധമായ ശൈലയില്‍ ഒരു പുതുമുഖ നടിയുടെ അമ്മയുടെ ജാഡ തീര്‍ത്തതാണ് ഹനീഫ് ഓര്‍ത്തെടുക്കുന്നത്. സംഭവത്തെക്കുറിച്ച് ഹനീഫ് പറയുന്നത് ഇങ്ങനെ, ആ നടിയുടെ അമ്മ വിമാനത്തില്‍ കയറിയപ്പോള്‍ മുതല്‍ വലിയ ഡിമാന്റുകള്‍ വയ്ക്കാന്‍ തുടങ്ങി. തുടക്കക്കാരിയാണ് നടിയെങ്കിലും അമ്മയ്ക്കായിരുന്നു ജാട. ശല്യം സഹിക്കാതായപ്പോള്‍ അബി ഒരു നമ്പരിറക്കി. വിമാനത്തില്‍ അനൗണ്‍സ്മെന്റ് വന്നപ്പോള്‍ അബി, ആ നടിയുടെ അമ്മയോട് പറഞ്ഞു. ദേ നിങ്ങളുടെ യഥാര്‍ത്ഥ വയസും പാസ്പോര്‍ട്ടിലെ വയസും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് പറയുന്നു. നിങ്ങളെ തിരിച്ചിറക്കുമെന്നാണ് അനൗണ്‍സ് ചെയ്തത്. അതുകൊണ്ട് എയര്‍ഹോസ്റ്റസുമാരുടെ ശ്രദ്ധയില്‍പ്പെടാതെ മിണ്ടാതെയിരുന്നോ. ഇംഗ്ലീഷ് അറിയാത്ത അമ്മ ഇത് വിശ്വസിച്ചു. പിന്നെ എയര്‍ ഹോസ്റ്റസുമാര്‍ ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പോലും അവര്‍ മുഖമുയര്ത്തിയില്ലെന്നും ഹനീഫ് പറഞ്ഞു.
തീരെ ക്ഷമ നശിച്ചാല്‍ മാത്രമേ അബി പ്രതികരിക്കാറുണ്ടായിരുന്നുള്ളൂ എന്ന മുഖവുരയോടെയാണ് ഹനീഫ് ഇക്കാര്യം പറഞ്ഞത്. അബിയുമായി ബന്ധപ്പെട്ട മറ്റൊരു അനുഭവവും ഹനീഫ് ഓര്‍ത്തെടുത്തു. ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്ന് ചാനല്‍ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍, താനും അബിയും കുളപ്പുള്ളി ലീലയും കൊച്ചിയിലേക്ക് വരികയായിരുന്നു. യാത്രാ ക്ഷീണത്താല്‍ ഞാന്‍ ഉറക്കം തൂങ്ങിയപ്പോള്‍ അബി പുറകിലോട്ട് സീറ്റ് വലിച്ചിട്ട് എന്നെ കിടത്തി. താന്‍ വേണ്ടന്ന് പറഞ്ഞുവെങ്കിലും നിര്‍ബന്ധിച്ചാണ് അബി ഇപ്രകാരം ചെയ്തതെന്നും ഹനീഫ് ഓര്‍ത്തെടുത്തു. പിന്നീട് വണ്ടിയുടെ ടയര്‍ പഞ്ചറായപ്പോള്‍ മറ്റാരെയും വിളിക്കാതെ അബി തന്നെയാണ് അത് മാറ്റിയിട്ടതും-ഹനീഫ് പറഞ്ഞു.






