
ദോഹ : ഗര്‍ഭിണിയ്ക്ക് അപൂര്‍വ ഗ്രൂപ്പ് രക്തം നല്കാന് ഖത്തറില്‍ നിന്നും കുവൈറ്റില്‍ പറന്നെത്തി രക്തം ദാനം ചെയ്ത് മലയാളി യുവാവ് മാതൃകയായി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയും ഖത്തര്‍ പ്രവാസിയുമായ നിധീഷ് രഘുനാഥാണ് രക്തദാനത്തിന്റെ മഹത്തായ സന്ദേശം തന്റെ പ്രവൃത്തിയിലൂടെ നിറവേറ്റിയത്. ബ്ലഡ് ഡോണേഴ്സ് കേരള-ഖത്തര്‍, കുവൈറ്റ് ചാപ്റ്ററുകളുടെ ഏകോപനമാണ് ഈ അപൂര്‍വ രക്തദാനത്തിലേയ്ക്ക് വഴി തുറന്നത്.
കുവൈറ്റിലെ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയ നിര്‍ദേശിക്കപ്പെട്ട കര്‍ണാടക സ്വദേശിക്കാണ് അപൂര്‍വ ഗ്രൂപ്പില്‍ പെട്ട രക്തം അത്യാവശ്യമായി വന്നത്. 'ബോംബെ ഗ്രൂപ്പ്' എന്ന് അറിയപ്പെടുന്ന അപൂര്‍വ ഇനം രക്തഗ്രൂപ്പായിരുന്നു യുവതിയുടേത്. ലക്ഷത്തില്‍ നാലുപേരില്‍ മാത്രമാണ് ഈ അപൂര്‍വ രക്തഗ്രൂപ്പുള്ളത്. എന്നാല്‍, ഇതേ ഗ്രൂപ്പിലുള്ള രക്തം കുവൈറ്റില്‍ ലഭ്യമല്ലാതായതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ വൈകുന്ന സാഹചര്യവും ഉണ്ടായി.
ഇതിനിടെ, വിഷയം ബ്ലഡ് ഡോണേഴ്സ് കേരളാ-കുവൈറ്റ് ചാപ്റ്ററിന് മുന്നിലെത്തി. പിന്നീട് 'ബോംബെ ഗ്രൂപ്പ്' രക്തം തെരഞ്ഞുള്ള അന്വേഷണമായി. വാട്സാപ്പിലെ വിവിധ ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ പാഞ്ഞെത്തി. ബി.ഡി.കെയുടെ ഖത്തര്‍ ചാപ്റ്ററിനും വിവരമെത്തി. തുടര്‍ന്നുള്ള അന്വേഷണമാണ് ഖത്തറില്‍ ബര്വയിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന നിതീഷിന് മുന്നില്‍ അവസാനിച്ചത്.
അങ്ങനെ, നിധീഷിനെ ആശുപത്രിയില്‍ എത്തിച്ച് ക്രോസ് മാച്ചിങ് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കി. കമ്പനി അധികൃതരില്‍ നിന്നും അനുമതി വാങ്ങി നിധീഷിനെ എത്രയും വേഗം ഖത്തറില്‍ എത്തിക്കാനുള്ള നടപടികള്‍ ബി.ഡി.കെ-ഖത്തര്‍ ചാപ്റ്റര്‍ സ്വീകരിച്ചു. വിസ നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഉച്ചയോടെ നിധീഷ് കുവൈറ്റിലെത്തി. അമ്മയുടെയും കുഞ്ഞിന്റെയും ജീവന് രക്ഷിക്കാന്‍ പൂര്‍ണ്ണ മനസോടെ തയ്യാറായ നിധീഷിന് നന്ദി പറയുകയാണ് കുവൈറ്റിലെ പ്രവാസി സമൂഹം.






