മലപ്പുറം: ലക്ഷങ്ങള്‍ മുടക്കി മോഡിഫൈ ചെയ്ത് ബെന്‍സിന്റെ രൂപത്തിലാക്കിയ മാരുതി കാര്‍ വീണ്ടും പഴയ രൂപത്തിലാക്കി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചത്. പരാതിയില്‍ തിരൂര്‍ എംവിഐ കെ. അനസ് മുഹമ്മദ് അന്വേഷണം നടത്തി വരുന്നതിനിടെ കാറിന്റെ ഉടമ മഞ്ചേരിയിലെ കച്ചവടക്കാര്‍ക്ക് കാര്‍ മറിച്ചുവിറ്റു.
തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ കാറ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് തിരൂര്‍ ജോയിന്റ് ആര്‍ടിഒ സി.യു മുജീബ് വാഹന ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഇതേതുടര്‍ന്ന് വാഹന ഉടമ തൂവക്കാട് സ്വദേശി മുഹമ്മദ്, കാര്‍ ഹാജരാക്കുന്നതിന് 15 ദിവസം സമയം ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ കാര്‍ പഴയ രൂപത്തിലാക്കി ഹാജരാക്കി.
രൂപം മാറ്റാന്‍ ഉപയോഗിച്ച ലക്ഷങ്ങളുടെ ഉപകരണങ്ങളും അധികൃതര്‍ക്ക് കൈമാറി. പരിശോധിച്ച ശേഷം പിഴ ഈടാക്കുമെന്ന് ജോയിന്റ് ആര്‍ടിഒ അറിയിച്ചു.






