
മലയാളി താരമാണെങ്കിലും താരപുത്രി കീര്‍ത്തി സുരേഷ് ചുവടുറപ്പിച്ചിരിക്കുന്നത് തമിഴിലാണ്. തമിഴിലെ മുന്‍നിര നായകന്മാര്ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും ചുരുങ്ങിയ സമയം കൊണ്ട് കീര്ത്തിക്കുണ്ടായി. സൂര്യയുടെ താനാ സേര്‍ന്തകൂട്ടം, വിശാലിനൊപ്പം സണ്ടക്കോഴി 2, വിക്രമിനൊപ്പം സാമി 2 എന്നിവയാണ് വരാനിരിക്കുന്ന സൂപ്പര്‍ താര ചിത്രങ്ങള്‍. എന്നാല്‍ തമിഴകം തന്നെ ഉറ്റുനോക്കുന്ന മറ്റൊരു വന്‍ ചിത്രത്തിലെ പ്രധാന താരം കീര്‍ത്തിയാണ്. നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന 'മഹാനടി'യില്‍ സാവിത്രിയാകാനുള്ള അവസരം കീര്‍ത്തിയെ തേടിയെത്തിയിരിക്കുകയാണ്. അനശ്വര നടിയുടെ വേഷപകര്ച്ചയ്ക്കായി വന്‍ തയ്യാറെടുപ്പാണ് കീര്‍ത്തി നടത്തുന്നത്. എന്നാല്‍ വണ്ണത്തിന്റെ കാര്യത്തില്‍ കീര്‍ത്തിയും സംവിധായകന് നാഗ് അശ്വിനും തമ്മില്‍ അഭിപ്രായ വ്യത്യാസത്തിലാണ്.
സംവിധായകന്റെ നിര്‍ദേശ പ്രകാരം കീര്‍ത്തി വണ്ണം കൂട്ടിയിരുന്നു. എന്നാല്‍ സാവിത്രിയുടെ ജീവിതത്തില്‍ ഇടയ്ക്ക് വെച്ച് താരം കുറച്ചധികം വണ്ണം വെച്ചിരുന്നു. ഇതിനായി കുറച്ചു കൂടി വണ്ണം കൂട്ടാന്‍ സംവിധായകന് ആവശ്യപ്പെട്ടു. പക്ഷേ പറ്റില്ലെന്ന് താരം തീര്‍ത്തു പറഞ്ഞിരിക്കുകയാണ്. സൈസ് സീറോ എന്ന സിനിമയ്ക്കായി അനുഷ്ക വണ്ണം കൂട്ടിയിരുന്നു എന്നാല്‍ പിന്നീട് ബാഹുബലിക്കായി വണ്ണം കുറയ്ക്കാന്‍ ഏറെ കഷ്ടപ്പെട്ടു. വിദേശത്ത് പോയി സര്‍ജറിയിലൂടെയാണ് വണ്ണം കുറച്ചത്. എന്നിട്ടും ദേവസേനയുടെ ശരീരത്തിലേയ്ക്ക് എത്താത്തതിനാല്‍ ഗ്രാഫിക്സ് ഉപയോഗിച്ചാണ് വണ്ണം കുറച്ചത്. ഈ അനുഭവം കൊണ്ടാണ് കീര്‍ത്തിയുടെ നിലപാടെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഇതോടെ ഗ്രാഫിക്സിലൂടെ വണ്ണം കൂട്ടി കാണിക്കാനുള്ള തീരുമാനത്തിലാണ് നാഗ് അശ്വിന്. ഒരുകാലത്ത് വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച നടിയാണ് സാവിത്രി. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ ജെമിനി ഗണേശന് ആകുന്നത്. ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളാണ് സാവിത്രി.






