
കൊച്ചി: പുതുവര്ഷപ്പുലരിയില് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നിരാശാജനകമായ വാര്‍ത്ത. സ്വന്തം തട്ടകത്തില്‍, ആര്‍ത്തുവിളിച്ച സ്വന്തം ആരാധകരുടെ മുന്നില്‍ നാണംകെട്ട തോല്‍വിയാണ് പുതുവര്‍ഷത്തലേന്ന് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്.
ഇഞ്ചുറി ടൈമില്‍ ഒരു മിനിറ്റില്‍ മൂന്ന് ഗോള്‍ വീണ മത്സരത്തില്‍ ബംഗളൂരു എഫ്.സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.
ഗോള്‍ മടക്കാന്‍ കേരളം കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. ഇഞ്ചുറി ടൈമില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകള്‍ സ്വന്തമാക്കി ബംഗളൂരു വിജയം ഉറപ്പിക്കുകയായിരുന്നു.
മിക്കുവിന്റെ വകയായിരുന്നു ഇരു ഗോളുകളും. കളിയുടെ വിസിലൂതന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരു ഗോള്‍ തിരിച്ചടിച്ച് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കൊമ്പന്മാര് മാനം കാക്കുകയായിരുന്നു. കറേജ് പെക്കൂസണനാണ് കേരളത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. തോല്‍വിയോടെ 7 പോയിന്റുമായി എട്ടാം സ്ഥാനത്തായി.






