
വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ സജ്ഞയ് ലീലാ ബന്‍സാലി ചിത്രം 'പദ്മാവത്' ജനുവരി 25 ന് റിലീസ് ചെയ്യാനൊരുങ്ങുന്നു. 'പദ്മാവതി' എന്ന് നാമകരണം ചെയ്തിരുന്ന ചിത്രത്തിന് വിവാദങ്ങള്‍ വിടാതെ പിന്തുടര്ന്നതിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് റിലീസിനുള്ള അനുമതി നിഷേധിച്ചിരുന്നു. പിന്നീടാണ് അഞ്ച് സുപ്രധാന മാറ്റങ്ങളോടെ ചിത്രം 'പദ്മാവത്' എന്ന് പുനര്‍നാമകരണം ചെയ്ത് പുറത്തിറങ്ങാന്‍ ധാരണയായത്.
അതേസമയം, ദീപികയും അക്ഷയ്കുമാറും കൊമ്പുകോര്‍ക്കുന്ന കാഴ്ചയ്ക്കാകും ബോക്സോഫീസ് സാക്ഷ്യം വഹിക്കുക. അക്ഷയ്കുമാര്‍ നായകനായെത്തുന്ന ബാല്‍കിയുടെ 'പാഡ്മാനും' ജനുവരി 25 ന് തന്നെയാണ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.
എന്തു സംഭവിച്ചാലും 'പാഡ് മാന്‍' റിലീസ് മാറ്റിവെക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ ടിക്കറ്റ് സൈറ്റുകളില്‍ പദ്മാവദിന്റെ റിലീസ് ജനുവരി 25 എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രജപുത്ര വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ആയിരുന്നു ഉത്തരേന്ത്യയിലാകെ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമായത്. ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണമെന്ന നിലപാടില്‍ തന്നെയാണ് രജ്പുത് കര്‍ണിസേന ഇപ്പോഴുമുള്ളത്.






