
അമേരിക്കയില്‍ നിന്നുമെത്തിയ ജീപ്പ് കോമ്പസ് ഇന്ത്യന്‍ വാഹനപ്രേമികളുടെ മനംകവര്‍ന്നൊരു എസ്യുവി ആണ്. ഏവരെയും മനംമയക്കുന്ന ഡിസൈനും മികച്ച ഫീച്ചറും ഒത്തിണങ്ങുന്ന കോമ്പസിനെ സ്വന്തമാക്കാന്‍ ആരും കൊതിക്കും. ബോളിവുഡ് താര സുന്ദരി ജാക്വിലിന് ഫെര്‍ണാണ്ടസാണ് കോമ്പസ് എന്ന സൂപ്പര്‍ എസ്യുവി സ്വന്തമാക്കിയിരിക്കുന്നത്.
അങ്ങനെ ജാക്വിലിനും ജീപ്പ് കോമ്പസ് ഫാനായി. ബിഎംഡബ്ല്യു, ഔഡി, ബെന്‍സ് തുടങ്ങിയ ജാക്വിലിന്റെ ആഡംബര വാഹനനിരകളിലേക്കാണ് കോമ്പസ് കടന്നെത്തിയിരിക്കുന്നത്. ജീപ്പ് കോമ്പസ് സ്വന്തമാക്കിയ വിവരം സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയാണ് താരം ആരാധകരുമായി പങ്കിട്ടത്. മിസ് ശ്രീലങ്ക പട്ടവുമായി ഇന്ത്യയിലേക്ക് ചുവടുവച്ച ജാക്വിലിന് ഇന്ന് ബോളിവുഡിലെ താരസുന്ദരിമാരില്‍ ഒരാളാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്പന കാഴ്ചവെക്കുന്ന പ്രീമിയം എസ്യുവികളില് ഒന്നായി മാറിയിരിക്കുകയാണ് ജീപ്പ് കോമ്പസ്. അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഈ കോംപാക്ട് എസ്യുവി ഇന്ത്യയിലേക്ക് കടന്നെത്തിയത് കഴിഞ്ഞ വര്‍ഷം ജൂലൈ 31 നായിരുന്നു. 15.20 ലക്ഷം മുതല്‍ 21.41 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്സ് ഷോറൂം വില.
2 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് കോമ്പസിലെ പവര്‍ ഹൗസ്. 2 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്ജിന് 173 കുതിരശക്തിയും 350 എന്‍എം ടോര്ക്കുാണ് ഉല്പാദിപ്പിക്കുന്നത്. അതേസമയം 162 കുതിരശക്തിയും 250 എന്‍എം ടോര്‍ക്കുമാണ് 1.4 ലിറ്റര്‍ പെട്രോള്‍ എന്ജിന് സൃഷ്ടിക്കുന്നത്. രണ്ട് എന്‍ജിനുകളിലും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഇടംതേടിയിരിക്കുന്നത്.






