
മസെരാട്ടിയുടെ പുതിയ എസ്യുവി ലെവന്റെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ലെവന്റെ എസ്യുവിയുടെ എക്സ്ഷോറൂം വില 1.4 കോടി രൂപയാണ്. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ എസ്യുവി സമര്‍പ്പണമാണ് ലെവന്റെ. പുതിയ ലെവന്റെ എസ്യുവിയുടെ വരവ് ഗ്രാന്‍ലൂസ്സോ, ഗ്രാന്‍സ്പോര്‍ട് എന്നി രണ്ട് വകഭേദങ്ങളിലാണ്. ഉപഭോക്താക്കള്‍ക്ക് ദില്ലി, ബംഗളൂരു, മുംബൈ ഡീലര്‍ഷിപ്പുകള്‍ മുഖേന പുതിയ ലെവന്റെയെ സ്വന്തമാക്കാം.
ഇന്ത്യയില്‍ ഡീസല്‍ പരിവേഷത്തില്‍ മാത്രമാണ് ലെവന്റെ എത്തുന്നത്. എന്നാല്‍, രാജ്യാന്തര വിപണികളില്‍ 3.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന് പതിപ്പുകളില്‍ ലെവന്റെ ലഭ്യമാണ്. 271 bhp കരുത്തും 600 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിനാണ് മസെരാട്ടി ലെവന്റെയുടെ പവര്‍ഹൗസ്. ഗില്‍ബി, ക്വാത്രോപോര്‍ത്തെ മോഡലുകളും ഇതേ എഞ്ചിനിലാണ് അണിനിരക്കുന്നത്. ലെവന്റെയില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നതും. കേവലം 6.9 സെക്കന്‍ഡുകള്‍ കൊണ്ടു തന്നെ പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ലെവന്റെയ്ക്ക് സാധിക്കും.
മസെരാട്ടി ലെവന്റെയുടെ പരമാവധി വേഗത മണിക്കൂറില്‍ 230 കിലോമീറ്ററാണ്. ഡ്രൈവ് മോഡുകളെ അടിസ്ഥാനപ്പെടുത്തി ശബ്ദം മാറുന്ന 'ആക്ടിവ് സൗണ്ട്' എക്സ്ഹോസ്റ്റും എസ്യുവിയില് ഓപ്ഷനലായി ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ലഭ്യമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓട്ടോ സ്പോര്‍ട്, ഓട്ടോ-മാനുവല്‍, ഓട്ടോ നോര്‍മല്‍, ഓട്ടോ ഓഫ്-റോഡ് എന്നിവയാണ് ലെവന്റെയില്‍ ഒരുങ്ങുന്ന ഡ്രൈവ് മോഡുകള്‍. അകത്തളത്തില്‍ പ്രീമിയം ലെതര്‍, പ്ലാറ്റിനത്തിന്റെ പ്രഭാവമുള്ള ലോഹങ്ങള്‍, ഹാന്‍ഡ്ക്രാഫ്റ്റഡ് കോണ്ട്രാസ്റ്റ് സ്റ്റിച്ചിംഗ് എന്നിവയാണ് ഒരുങ്ങുന്നത്.






