
ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ കെടിഎം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എഡിഷന് ആര്‍സി 390 മോട്ടോര്‍സൈക്കിളുമായി എത്തുന്നു. കെടിഎം ആര്‍സി 390 'ആര്' എഡിഷന് ഉടന്‍ അവതരിക്കും. ആര്‍സി 390 ആര് സാധാരണ ആര്‍സി 390 യുടെ റേസ് ട്രാക്ക് പതിപ്പാണ്.
വെറും അഞ്ഞൂറു ആര്‍സി 390 ആര് എഡിഷനുകളെയാണ് ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ രാജ്യാന്തര തലത്തില്‍ അവതരിപ്പിക്കുക. ഡിസൈന്‍ മുഖത്തും മെക്കാനിക്കല്‍ മുഖത്തും കാര്യമായ മാറ്റങ്ങള്‍ കൈവരിച്ചാണ് പുതിയ ആര്‍സി 390 ആര് എഡിഷന് എത്തുക. പുതിയ ടോപ് യോക്ക്, പൂര്‍ണമായും ക്രമീകരിക്കാന്‍ സാധിക്കുന്ന ഡബ്ല്യുപി സസ്പെന്ഷന്, ഹാന്‍ഡില്‍ബാര്‍ കിറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ആര്‍സി 390 ആര് എഡിഷന്റെ പ്രധാന പ്രത്യേകതകള്‍.
പുതിയ കെടിഎം ആര്‍സി 390 ആര് എഡിഷന്റെ യുകെ വിപണിയിലെ വില 8,500 യൂറോയാണ് (ഏകദേശം 7.65 ലക്ഷം രൂപ). ഇനി ആര്‍സി 390 ആര് എഡിഷന് കാഴ്ചവെക്കുന്ന വേഗതയില്‍ തൃപ്തിപ്പെടാത്ത ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രത്യേക റേസ് കിറ്റിനെയും മോട്ടോര്‍സൈക്കിളില്‍ കെടിഎം ലഭ്യമാക്കിയേക്കും. ആര്‍സി 390 ആര് എഡിഷനില്‍ യഥാര്‍ത്ഥ റേസ് ബൈക്കുകളില്‍ ഇടംപിടിക്കുന്ന റേസിംഗ് കിറ്റിനെയാണ് ഓപ്ഷനലായി കെടിഎം നല്‍കുക. ആര്‍സി 390 ആര് എഡിഷനില്‍ 230 ലേറെ വ്യക്തിഗത പാര്‍ട്സുകള്‍ അടങ്ങിയ SSP300 റേസ് കിറ്റാണ് കെടിഎം കരുതിവെച്ചിരിക്കുന്നത്.






