
മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'കല്യാണം'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്ന അഞ്ചു ഗാനങ്ങളാണ് ആൽബത്തിലുള്ളത്.
രാജീവ് നായർ കഥയെഴുതി സംവിധാനം നിർവഹിക്കുന്ന 'കല്യാണം'ത്തിൽ വര്‍ഷ ബൊല്ലമ്മയാണ് നായിക. മുകേഷ്, ശ്രീനിവാസൻ, ഗ്രിഗറി ജേക്കബ്, ഹരീഷ് കണാരൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് രാധാകൃഷ്ണൻ നായർ എന്നിവർ ചേർന്നാണ് ഈ റൊമാന്റിക് കോമഡിയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം ബിനേന്ദ്ര മേനോനും ചിത്രസംയോജനം സൂരജ് ഇ എസുമാണ് നിർവഹിച്ചിരിക്കുന്നത്. വയ ഫിലിംസിന്റെയും ശ്രീ സത്യ സായി ആർട്സിന്റെയും ബാനറുകളിൽ രാജേഷ് നായർ, കെ കെ രാധാമോഹൻ, ഡോ. ടി കെ ഉദയഭാനു എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.






