
പേരൂര്‍ക്കട: ശാസ്തമംഗലത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് അന്ധവിശ്വാസംമൂലമെന്നു പോലീസ്. പണിക്കേഴ്സ് ലൈനില്‍ സുകുമാരന്‍നായര്‍ (65), ഭാര്യ ആനന്ദവല്ലി (58), മകന് സനത് (40) എന്നിവരാണു മരിച്ചത്. ആത്മഹത്യ ചെയ്യുന്നുവെന്നു കാണിച്ച് ഈമാസം ഒന്നിന് ഇവര്‍ മ്യൂസിയം പോലീസിനു കത്തയച്ചിരുന്നു.
ഇവര്‍ കടുത്ത അന്ധവിശ്വാസത്തിന് അടിമയായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഭൂരിഭാഗം സമയവും വീട്ടില്‍ പ്രാര്‍ഥനകളും പൂജകളുമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. തമിഴ്നാട്ടിലും തിരുവനന്തപുരത്തുമുളള ചില സ്വാമിമാരുടെ ആശ്രമത്തിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു ഈ കുടുംബം. അവിടെ നടക്കുന്ന പൂജകളും മറ്റും പിന്നീട് ഈ വീട്ടില്‍ ചെയ്യുകയായിരുന്നു പതിവ്.
രാത്രി 12 മണികഴിയുമ്പോഴാണ് മിക്കവാറും ഇവര്‍ പൂജയും പ്രാര്‍ഥനയും നടത്തിയിരുന്നത്. സനത് സന്യാസിയാകുമെന്നു ഒരു സ്വാമി പറഞ്ഞതായി പണ്ടിവര് ബന്ധുക്കളോടു പറഞ്ഞിരുന്നു. ഇവരുടെ പേരിലുണ്ടായിരുന്ന ചില സ്വത്തുക്കള്‍ ഏതോ ആശ്രമത്തിനു നല്‍കിയതായാണ് സൂചന. ആഴ്ചയില്‍ ഒരിക്കല്‍ ഓട്ടോ പിടിച്ച് പുറത്തുപോയി വീട്ടുസാധനങ്ങള്‍ വാങ്ങുകയായിരുന്നു ഇവരുടെ രീതിയെന്ന് അയല്‍ക്കാര്‍ പറഞ്ഞു.
പരിശോധനയ്ക്കായി ശനിയാഴ്ച, പോലീസെത്തിയപ്പോഴാണ് മൂന്നുപേരും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് രണ്ടു കത്തുകളും കവറില്‍ കുറേ നാണയങ്ങളും ലഭിച്ചിട്ടുണ്ട്. യാതൊരു ബന്ധവും പുലര്ത്താത്തു മൂലം ഇവരെ സംബന്ധിച്ച വിവരങ്ങളൊന്നും അടുത്ത ബന്ധുക്കള്‍ക്കു പോലുമറിയില്ല.
സുകുമാരന്‍ നായര്‍ പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയറായിരുന്നു. ആനന്ദവല്ലി വീട്ടമ്മയാണ്. മകന് സനത് ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. 41 വര്ഷംമുമ്പാണു കിളിമാനൂര്‍ സ്വദേശിയായ ആനന്ദവല്ലിയും വിതുര സ്വദേശിയായ സുകുമാരന്‍നായരും വിവാഹിതരാകുന്നത്.
വിവാഹശേഷം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ മകന് സനത് ജനിച്ചു. സനതിനെ സ്കൂളില്‍ പഠിക്കുന്ന കാലത്താണ് അടുത്ത ബന്ധുക്കള്‍ പോലും കണ്ടിട്ടുള്ളത്. ഇയാള്‍ സി.എ. പരീക്ഷ പാസായ വിവരം പോലും മരണശേഷമാണ് ബന്ധുക്കളറിയുന്നത്.
കുറച്ചുകാലം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത സനത് പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ ഒതുങ്ങുകയായിരുന്നു. ബന്ധുക്കളുടെ കല്യാണത്തിനോ മരണത്തിനോ പോലും ഇവര്‍ സഹകരിച്ചിരുന്നില്ല.
അമ്മ മരിച്ച വിവരം അറിഞ്ഞിട്ടുപോലും ആനന്ദവല്ലി വീട്ടിലെത്തിയില്ല. അയല്‍ക്കാരുമായും അടുപ്പമുണ്ടായിരുന്നില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ശാന്തികവാടത്തില്‍ സംസ്കരിച്ചു.






