
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയിലെ ജോലി നിഷേധത്തില്‍ മനംനൊന്ത് മരിക്കാനുള്ള അനുമതി തേടി ട്രാന്‍സ് വനിത രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ഷണവി പൊന്നുസാമി എന്ന ട്രാന്‍സ് വനിതയാണ് തനിക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്ന് അപേക്ഷ നല്‍കിയിരിക്കുന്നത്.
അര്‍ഹമായ യോഗ്യതകളും പ്രവൃത്തി പരിചയവുമുണ്ടായിട്ടും തന്റെ ലിംഗഭേദത്തിന്റെ പേരില്‍ എയര്‍ ഇന്ത്യ ജോലി കാബിന് ക്രൂ തസ്തികയില്‍ നിഷേധിക്കുകയായിരുന്നുവെന്ന് ഷണവി പറയുന്നു. ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി തസ്തിക ഇല്ലെന്ന നിലപാടിലാണ് എയര്‍ ഇന്ത്യ എന്നും ഷണവി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തന്റെ ലിംഗഭേദത്തിന്റെ പേരില്‍ തനിക്ക് രാജ്യത്ത് ഒരു നികുതി ഇളവും ലഭിക്കുന്നില്ല. ഇതേകാരണത്താല്‍ ജോലി നിഷേധിക്കുന്നത് എന്തുകൊണ്ടാമെന്നും തനിക്കറിയില്ല. ഇനി താന്‍ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രപതിയാണെന്നും ഷണവി വ്യക്തമാക്കി.
എയര്‍ ഇന്ത്യ ജോലി നിഷേധിച്ചതോടെ മറ്റേതെങ്കിലും വിമാനകമ്പനിയില്‍ താന്‍ ജോലിക്ക് ശ്രമിച്ചില്ല. തന്നെപ്പോലെയുള്ള വിഭാഗത്തില്‍പെട്ടവര്‍ക്ക് തസ്തികയില്ലെന്ന് സര്‍ക്കാര്‍ വിമാന കമ്പനി തന്നെ പറയുമ്പോള്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് തനിക്ക് എന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക.
ഷണവി അവളുടെ കുടുംബത്തിലെ ആദ്യ ബിരുദധാരിയും എന്‍ജീനിയറുമാണ്. മോഡലും നടിയും ആയ ഇവര്‍ ഒരു എയര്‍ലൈന്‍സിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സപ്പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്തിട്ടുമുണ്ട്.
2016ലാണ് ആദ്യമായി എയര്‍ ഇന്ത്യയിലേക്ക് കാബിന് ക്രൂ തസ്തികയില്‍ ഷണവി അപേക്ഷ അയക്കുന്നത്. 'സ്ത്രീ' എന്ന വിഭാഗത്തിലുള്ളവര്‍ക്കുള്ള എല്ലാ യോഗ്യതകളും ഷണവിക്കുണ്ട്. എല്ലാ നാലു തവണ ഷണവിയുടെ അപേക്ഷ എയര്‍ ഇന്ത്യ നിഷേധിച്ചു. ഇതിനു ഒരു വ്യക്തമായ കാരണവും അവര്‍ പറയുന്നില്ല. എന്നാല്‍ തന്റെ ലിംഗഭേദമാണ് പ്രശ്നമെന്ന് പിന്നീടാണ് ബോധ്യപ്പെട്ടതെന്നും ഷണവി പറയുന്നു.
തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തിരുചെന്ദൂര്‍ സ്വദേശിനിയാണ് ഷണവി. പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചതെങ്കിലും കഠിനപ്രയത്നത്തിലൂടെ ഇലക്ട്രോണിക്ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് 2010ല്‍ പാസായി. 2013ല്‍ എയര്‍ ഇന്ത്യയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സപ്പോര്‍ട്ട് സ്ഥാപനത്തില്‍ ജോലി ലഭിച്ചു. എയര്‍ ഇന്ത്യയിലെ ജോലിക്ക് തനിക്ക് വേണ്ടി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ഒരു ഉന്നതന് ഇടപെട്ടിട്ടുപോലും പ്രയോജനമുണ്ടായില്ല. ലിംഗഭേദത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2017ല്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് ഇപ്പോള്‍ കോടതിയിലാണ്.






