
ഹോണ്ട എക്സ്-ബ്ലേഡ് ബുക്കിംഗ് ആരംഭിച്ചു. പുതിയ ഹോണ്ട എക്സ്-ബ്ലേഡിന്റെ എക്സ്ഷോറൂം വില 79,000 രൂപ മുതലാണ് ആരംഭിക്കുന്നത്. ഹോണ്ടയുടെ പുതിയ പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്ക് അഞ്ചു വ്യത്യസ്ത നിറങ്ങളിലാണ് എത്തുന്നത്. പേള്‍ ഇഗ്നീയസ് ബ്ലാക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ഫ്രോസന്‍ സില്‍വര്‍, പേള്‍ സ്പാര്ട്ടന് റെഡ്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ നിറങ്ങളിലാണ് ഹോണ്ട എക്സ്-ബ്ലേഡിന്റെ ഒരുക്കം.
160 സിസി ശ്രേണിയിലെ ആദ്യ റോബോ-ഫെയ്സ് എല്‍ഇഡി ഹെഡ്ലാമ്പും പുതിയ എക്സ്-ബ്ലേഡിന്റെ ആകര്‍ഷണമാണ്. യുവാക്കളിലേക്കാണ് ഹോണ്ട എക്സ്-ബ്ലേഡിന്റെ നോട്ടം. ഹോണ്ട എക്സ്-ബ്ലേഡിന്റെ ഒരുക്കം ഡയമണ്ട് ഫ്രെയിം ചാസിയിലാണ്. സ്പ്ലിറ്റ് ഗ്രാബ് റെയില്‍, മസിലന്‍ ഫ്യൂവല്‍ ടാങ്, കൂര്‍ത്തു നില്ക്കുന്ന ടെയില്‍ ലാമ്പ് എന്നിവയാണ് എക്സ്-ബ്ലേഡിന്റെ മറ്റു സവിശേഷതകള്‍. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററുള്ള പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പൊസിഷന്‍ ലാമ്പോടെയുള്ള പൂര്‍ണ എല്‍ഇഡി ഹെഡ്ലാമ്പ് എന്നിവ പുതിയ ബൈക്കിന്റെ മറ്റ് ഫീച്ചറുകള്‍.
ടിവിഎസ് അപാച്ചെ RTR 160, യമഹ FZ, ബജാജ് പള്‍സര്‍ എന്‍എസ് 160 മോഡലുകളോടാണ് ഹോണ്ട എക്സ്-ബ്ലേഡ് പ്രധാനമായും ഏറ്റുമുട്ടുക. പുതിയ ബൈക്ക് നിലവിലുള്ള 162.7 സിസി സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനിലാണ് ഒരുങ്ങുന്നത്. 13.93 bhp കരുത്തും 13.9 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്സാണ് ബൈക്കിന് ലഭിക്കുന്നത്.






