
മലയാളസിനിമയില്‍ പുതുമുഖ നായികയായി അരങ്ങേറ്റം കുറിക്കുന്ന കലാകാരിയാണ് ആര്യാദേവി. സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് ആര്യാദേവി നായികയായത്. ആര്യ അഭിനയിച്ച നാലു സിനിമകളാണ് പുറത്തിറങ്ങാനുള്ളത്.
നര്‍ത്തകിയായതിനാല്‍ ഭാവാഭിനയ സമൃദ്ധി വേണ്ടുവോളമുള്ള തനിക്കു ലഭിക്കുന്ന കഥാപാത്രത്തിന്റെ മനസ്സറിഞ്ഞ് മുന്നോട്ടു പോകാന്‍ കഴിയുന്നുവെന്ന സവിശേഷത കൂടിയുണ്ട്.
കോഴിക്കോട് വെനര്ണി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന ആര്യാദേവി സ്കൂള്‍ യുവജനോത്സവങ്ങളിലും സജീവ സാന്നിധ്യമാണ്. ആര്യാദേവി നൃത്ത ഇനങ്ങളിലും സ്കിറ്റുകളിലുമാണ് പ്രധാനമായും പങ്കെടുക്കാറുള്ളത്.
ചാലക്കുടിയില്‍ ചിത്രീകരണം നടന്ന ഒരു പത്താംക്ലാസിലെ പ്രണയം എന്ന ചിത്രത്തിന്റെ സെറ്റിലാണ് സിനിമാമംഗളം ആര്യാദേവിയെ കണ്ടത്.
? അഞ്ചാമത്തെ ചിത്രമായ ഒരു പത്താംക്ലാസിലെ പ്രണയത്തിലെ കഥാപാത്രത്തെക്കുറിച്ച്...
ഠ പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ പ്രണയമാണ് ഈ ചിത്രത്തിന്റെ ആശയം. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ പ്രണയിച്ചു നടന്നവരും പ്രണയം പുറത്തുപറയാതെ പോയവരും ഇവിടെ ധാരാളമുണ്ട്. അവരെയൊക്കെ പഴയകാല ഓര്‍മ്മകളിലൂടെ കൂട്ടിക്കൊണ്ടു പോകുന്ന സിനിമകൂടിയാണ് പത്താംക്ലാസിലെ പ്രണയം. ഈ ചിത്രത്തിലെ മീരയെന്ന പത്താംക്ലാസുകാരിയായാണ് അഭിനയിക്കുന്നത്.
? ആദ്യചിത്രമായ സമാധാനത്തിന്റെ വെള്ളരിപ്രാവുകളിലെ കഥാപാത്രത്തെക്കുറിച്ച്...
ഠ ചെറുപ്പം മുതല്ക്കേ സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടായിരുന്നു. ഓരോ സിനിമകള്‍ കാണുമ്പോഴും നായികാ കഥാപാത്രങ്ങള്‍ എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. കണ്ണാടിയുടെ മുന്നില്‍ നിന്ന് സിനിമയിലെ കഥാപാത്രത്തെപ്പോലെ ഡയലോഗ് പറഞ്ഞ് അഭിനയിക്കുക പതിവായിരുന്നു.
ഒരിക്കല്‍ എന്റെ അച്ഛനോട് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞു. സിനിമയുമായി കാര്യമായ ബന്ധമൊന്നുമില്ലെങ്കിലും എന്നെ നായികയാക്കി ഒരു സിനിമ നിര്‍മ്മിക്കാന്‍ അച്ഛന് പ്രവീണ്‍കുമാര്‍ തീരുമാനിച്ചു. അതാണ് സമധാനത്തിന്റെ വെള്ളരിപ്രാവുകള്‍.
ഈ ചിത്രത്തില്‍ ആന്‍സിയെന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. കോളജില്‍ ആഹ്ളാദത്തോടെ അടിച്ചുപൊളിച്ചു നടന്നിരുന്ന ആന്‍സി പിന്നീട് ജീവിതത്തിന്റെ ദുഃഖകരമായ അവസ്ഥയിലേക്കെത്തുകയാണ്. ആദ്യചിത്രമാണെങ്കിലും കഥയ്ക്കനുസൃതമായി ആന്‍സിയെന്ന കഥാപാത്രത്തിന്റെ മനസ്സിലൂടെ സഞ്ചരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.
? ആര്യാദേവി നായികയായി അഭിനയിച്ച അഞ്ചുചിത്രങ്ങളില്‍ നാലെണ്ണവും പൂര്‍ത്തിയായല്ലോ. ഈ സിനിമകളെല്ലാം ഉടനെ റിലീസ് ചെയ്യുമോ..
ഠ ഞാന്‍ നായികയായ 'ഒരു പത്താംക്ലാസിലെ പ്രണയ'ത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. അതിനുശേഷം നായികയായി അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് കിങ്ങിണിക്കൂട്ടം.
പ്രവീണ്‍ രാജ് സംവിധാനം ചെയ്ത് രഞ്ജിത്ത് രാജ് നായകനാവുന്ന കിങ്ങിണിക്കൂട്ടത്തില് വീണയെന്ന ഒരു പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയായാണ് ഞാന്‍ അഭിനയിക്കുന്നത്. വളരെ ബോള്‍ഡായ ക്യാരക്ടറാണ് വീണ. കോളജ് സ്റ്റുഡന്റായും മുതിര്‍ന്ന സ്ത്രീയായും രണ്ടു ഗെറ്റപ്പിലാണ് വീണയെന്ന കഥാപാത്രമായി ഞാന്‍ അഭിനയിച്ചിരിക്കുന്നത്.
ഞാന്‍ നായികയായ മറ്റൊരു ചിത്രമാണ് സ്നേഹദൂത്. സുനില്‍ദാസ് സംവിധാനം ചെയ്യുന്ന സ്നേഹദൂത് തികച്ചും നായികാ പ്രാധാന്യമുള്ള ചിത്രമാണ്. കുറെയധികം പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്ന ഒരു അനാഥ പെണ്‍കുട്ടിക്ക് നേരിടേണ്ടിവരുന്ന ജീവിത യാതനകളാണ് എനിക്ക് അഭിനയിക്കേണ്ടിയിരുന്നത്. നന്നായി ചെയ്തിട്ടുണ്ടെന്നാണ് എല്ലാവരും പറഞ്ഞത്.
സലിംബാബ സംവിധാനംചെയ്ത ലോലന്സില് ചങ്കിസ്ഖാന്റെ നായിക വീണയെന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. അല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രം കൂടിയാണിത്. കിങ്ങിണിക്കൂട്ടം, സ്നേഹദൂത്, ലോലന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും തിയേറ്ററുകളിലെത്തുക.
? കലാപരമായ സ്വന്തം കഴിവുകളെക്കുറിച്ച്...
ഠ നൃത്തത്തിലാണ് കൂടുതല്‍ താല്പര്യമുള്ളത്. സ്കിറ്റുകളും അവതരിപ്പിക്കാറുണ്ട്. കലാമണ്ഡലം ബാബുസാറിന്റെ കീഴില്‍ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട്. ചൈനീസ് ഡാന്‍സും ഞാന്‍ പഠിച്ചിട്ടുണ്ട്. ഇതിനു പുറമെ കരാട്ടെയില്‍ എനിക്ക് ഗ്രീന്‍ ബെല്‍റ്റ് ലഭിച്ചിട്ടുണ്ട്.
? ഏതു റോളും അഭിനയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടോ...
ഠ എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ച് അഭിനയിക്കാന്‍ കഴിയുമെന്ന നല്ല ആത്മവിശ്വാസമുണ്ട്. പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന തരത്തിലുള്ള ക്യാരക്ടര്‍ റോളുകള്‍ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. ഞാന്‍ അഭിനയിച്ച അഞ്ചു സിനിമകളും റിലീസ് ചെയ്യുന്നതോടെ കൂടുതല്‍ നല്ല അവസരങ്ങള്‍ ലഭിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
? മനസ്സിനെ സ്പര്‍ശിച്ച അഭിനേത്രി ആരാണ്...
ഠ ഞാനിന്നും ഇഷ്ടപ്പെടുന്ന നടി ശോഭന ചേച്ചിയാണ്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവു തെളിയിച്ച ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളാണ് ശോഭന ചേച്ചി. മണിച്ചിത്രത്താഴ് എന്റെ ഇഷ്ടചിത്രമാണ്.
? പഠിത്തത്തെ ബാധിക്കാത്ത തരത്തില്‍ സിനിമാഭിനയം കൊണ്ടുപോകാന്‍ കഴിയുന്നുണ്ടോ..
ഠ പത്താംക്ലാസിലായതിനാല്‍ പഠിത്തത്തെ പ്രതികൂലമായി ബാധിക്കാത്ത തരത്തില്‍ അഭിനയം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്. കോഴിക്കോട് വെനര്ണി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഞാന്‍ പഠിക്കുന്നത്. അധ്യാപകരും സഹപാഠികളുമൊക്കെ നല്ല പ്രോത്സാഹനം നല്‍കാറുണ്ട്.
? കുടുംബത്തെക്കുറിച്ച്...
ഠ അച്ഛന് പ്രവീണ്‍ കുമാര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ മാനേജരാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുമാണ്. അമ്മ വിനീത വെനര്ണി സ്കൂളില്‍ ടീച്ചറാണ്. സഹോദരിമാരായ ഐശ്വര്യ ദേവി ഏഴാംക്ലാസിലും അശ്വതി ദേവി രണ്ടാംക്ലാസിലും ഇതേ സ്കൂളില്‍ പഠിക്കുന്നു.
-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പാലക്കാട് ദുരൈ