
നടി ശ്രീദേവിയുടെ അകാല വിയോഗത്തിന്റെ വേദന വിട്ടൊഴിയും മുന്‍പ് അവരുടെ മരണത്തെ രാഷ്ര്ടീയവത്ക്കരിച്ച് കോണ്‍ഗ്രസ്. ട്വിറ്ററില്‍ കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിലെ വാക്കുകള്‍ക്കെതിരെയാണ് വിമര്‍ശനമുയരുന്നത്. 2013 ല്‍ യു.പി.എ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ശ്രീദേവിക്ക് പത്മശ്രീ നല്‍കിയിരുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നിരവധിപേര്‍ രംഗത്ത് വന്നു.
ശ്രീദേവിയുടെ വിയോഗം വേദനയുണ്ടാക്കുന്നു. അവര്‍ അതുല്യപ്രതിഭയുള്ള നടിയായിരുന്നു. തന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൂടെ അവര്‍ ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നും പോസ്റ്റില്‍ പറയുന്നു. 2013ലെ യുപിഎ സര്‍ക്കാര്‍ ശ്രീദേവിക്ക് പത്മശ്രീ പുരസ്കാരം നല്‍കിയെന്ന അവകാശവാദമുന്നയിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തി. ഒരാളുടെ മരണത്തെ എങ്ങനെയാണ് ഇത്തരത്തില്‍ രാഷ്ര്ടീയ ലാഭത്തിനുപയോഗിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പരക്കെയുള്ള ആക്ഷേപം. ശ്രീദേവി ജനിച്ചത് നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോഴാണെന്ന് കൂടെ പറഞ്ഞേക്കു എന്നാണ് ചിലരുടെ പരിഹാസം.







Comments