
കൊച്ചി : സംസ്ഥാനത്തെ സ്വകാര്യ വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംവിധാനം വരുന്നു. ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി നിരീക്ഷണത്തില്‍ കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച 2007 ലെ നിയമം സംസ്ഥാനത്ത് കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഇത്. ഇതുസംബന്ധിച്ച വിശദമായ കര്‍മപദ്ധതിക്ക് സാമൂഹിക നീതി വകുപ്പ് രൂപം നല്കി. 2007 ലെ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്ന നോഡല്‍ ഏജന്‍സി സാമൂഹിക നീതി വകുപ്പാണ്. 21 റവന്യൂ ഡിവിഷനല്‍ ഓഫീസുകളെ ഇതിനുള്ള ട്രൈബ്യൂണലുകളായി നിശ്ചയിച്ചുവെങ്കിലും അധിക ജോലിക്ക് ആവശ്യമായ ജീവനക്കാരെയോ അടിസ്ഥാന സൗകര്യങ്ങളെയോ അനുവദിച്ചിരുന്നില്ല. ഇതുമൂലം ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികള്‍ക്ക് രൂപം നല്‍കിയത്.
സംസ്ഥാനത്ത് 600 ല്‍ ഏറെ സര്‍ക്കാറിതര വൃദ്ധസദനങ്ങളുണ്ട്. ഒട്ടേറെ ആക്ഷേപങ്ങള്‍ ഉണ്ടെങ്കിലും നിലവില്‍ ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംവിധാനമില്ല. നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട നിയമത്തെ കുറിച്ച് ബോധവത്കരണം, പരാതിക്കാര്‍ക്ക് ആവശ്യമായ സഹായം നല്കല്, ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പായി എന്ന് ഉറപ്പാക്കല്‍, വീടുകളില്‍ ദുരിതം അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരെ കണ്ടെത്തി നിയമസഹായം ലഭ്യമാക്കല്‍, പരാതികളെയും തുടര്‍ നടപടികളെയും സംബന്ധിച്ച വിവരശേഖരണം എന്നിവയും ടെക്നിക്കല്‍ അസിസ്റ്റന്റുമാരുടെ ചുമതലയാണ്.






