നടന് ജയറാമിന്റെ മകന് കാളിദാസ് ജയറാം നായകനാകുന്ന പൂമരം സിനിമയുടെ റിലീസ് വീണ്ടും മാറ്റി. ചില സാങ്കേതിക കാരണങ്ങളാല്‍ സിനിമയുടെ റിലീസ് മാറ്റിയതായി കാളിദാസ് അറിയിച്ചു. ഒരു വര്‍ഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ മാര്‍ച്ച് ഒന്‍പതിന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.
മാര്‍ച്ച് 9ന് റിലീസ് ചെയ്യുമെന്ന് കാളിദാസ് തന്നെയാണ് നേരത്തെ അറിയിച്ചിരുന്നത്. സോഷ്യല്‍ മീഡിയ ട്രോളാതിരിക്കാന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ റിലീസുണ്ടാകുമെന്ന് കാളിദാസ് പ്രത്യേകം എടുത്തു പറയുകയും ചെയ്തിരുന്നു. കാളിദാസിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്: ''Dear Friends
ചില ടെക്നിക്കൽ പ്രോബ്ലെംസ് കാരണം മാർച്ച് 9 ന് പൂമരം റിലീസ് എന്നുള്ളത് 'ചെറുതായിട്ട് ' ഒന്നു നീട്ടി എന്നുള്ളതാണ് ഒരു നഗ്ന സത്യം
[ വളരെ കുറച്ചു ദിവസങ്ങളുടെ വ്യത്യാസം മാത്രമേ ഉണ്ടാവൂ ]''
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകുന്നതാണ് റിലീസ് വൈകാന്‍ കാരണമെന്നാണ് സൂചന. ചിത്രം അനന്തമായി വൈകുന്നതിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2016 നവംബറിലാണ് ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന പാട്ട് റിലീസായത്. പാട്ട് വന്‍ ഹിറ്റായി മാറി. എന്നാല്‍ 2018 ആയിട്ടും സിനിമ റിലീസ് ആയിട്ടില്ല. വീണ്ടും സിനിമയുടെ റിലീസ് നീളുന്നതിനെതിരെ ട്രോളന്മാര് രംഗത്ത് വന്നിട്ടുണ്ട്.






