
ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു സുജ. സ്‌റ്റോപ്പിലെത്തിയപ്പോള്‍ ട്യൂഷന്‍ കഴിഞ്ഞുവരുന്ന മകളെ കണ്ടു. അവളെയും കൂട്ടിയാണ് അവര്‍ പച്ചക്കറിക്കടയിലേക്കു പോയത്.
മിക്ക പച്ചക്കറികളും സുജ വാങ്ങി. ഒടുവില്‍ കാരറ്റ് വാങ്ങാന്‍ തുനിഞ്ഞപ്പോള്‍ മകള്‍ വിലക്കി.
കടയുടമ കാര്യം തിരക്കിയപ്പോള്‍ 'കാരറ്റ് തനിക്കിഷ്ടമില്ലെ'ന്ന് കുട്ടി പറഞ്ഞു.
അപ്പോള്‍ ഒരു കാരറ്റ് കൈയിലെടുത്തുകൊണ്ട് അയാള്‍ അതിന്റെ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചു:
''മോളേ... സൗന്ദര്യം സംരക്ഷിക്കാനും ആരോഗ്യമുണ്ടാകാനും വളരെയധികം സഹായിക്കുന്നതാ ഈ കാരറ്റ്. ഇതില്‍ ധാരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്‌സിഡന്റുകള്‍, പ്രോട്ടീന്‍ നാരുകള്‍, വിറ്റാമിന്‍ ബി1, ബി2 എന്നിവയും ധാരാളമുണ്ട്.
പല രോഗത്തെയും മുളയിലേ ഇല്ലാതാക്കാന്‍ ഒരു കാരറ്റ് ജ്യൂസുകൊണ്ട് കഴിയും, അറിയാമോ? പല്ലുകളുടെ ആരോഗ്യത്തിനും ഇതു കേമംതന്നെ.''
ഒന്നു നിര്‍ത്തിയിട്ട് ചിരിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു:
''കാരറ്റിലുള്ള പൊട്ടാസ്യം കൊളസ്‌ട്രോള്‍ കുറയാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇത് ക്രമപ്പെടുത്തും. ഇതിലുള്ള വിറ്റാമിന്‍ എ ഹൃദ്രോഗത്തെ തടയും. നല്ല കൊളസ്‌ട്രോള്‍ ഉണ്ടാകാനും ക്യാന്‍സറിനെ പ്രതിരോധിക്കാനും ഇതുപോലെ വേറൊന്നിനും പറ്റില്ല.
പ്രധാനപ്പെട്ട മറ്റൊരു കാര്യമാ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനുള്ള കാരറ്റിന്റെ കഴിവ്.''
''ഇത്രയും ഗുണങ്ങള്‍ കാരറ്റിനുണ്ടെന്ന് അറിയില്ലായിരുന്നു ചേട്ടാ... ഒരുകിലോ കാരറ്റു കൂടി എടുത്തോളൂ.''
സുജ പെട്ടെന്നു പറഞ്ഞു.
''ഇനി മുതല്‍ ഞാനും കാരറ്റ് കഴിക്കും അങ്കിളേ...'' സന്തോഷത്തോടെ കുട്ടിയും അറിയിച്ചു.






