
ചെന്നൈ : തമിഴ്നാട്ടില്‍ വീണ്ടുമൊരു രാഷ്ട്രീയ പാര്‍ട്ടി കൂടി പ്രഖ്യാപിച്ച് എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി ദിനകരന് രംഗത്ത്. 'അമ്മ മക്കള്‍ മുന്നേട്ര കഴകം' എന്ന പേരിലാണ് പാര്‍ട്ടി. പ്രഷര്‍ കുക്കറാണ് ചിഹ്നം.
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത കുറുപ്പും, ചുവപ്പും, വെളുപ്പും കലര്‍ന്ന പതാകയും പ്രഖ്യാപന സമ്മേളനത്തില്‍ പ്രസിദ്ധപ്പെടുത്തി. നൂറുകണക്കിന് പാര്‍ട്ടി നേതാക്കളും അണികളും ഉള്‍പ്പെട്ട ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. രണ്ടില തന്നെയാണ് നമ്മുടെ ചിഹ്നം എന്നും അതിനായുള്ള പോരാട്ടത്തിലാണ് നമ്മളെന്നും ചടങ്ങില്‍ ദിനകരന് പറഞ്ഞു.
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് നടന്ന ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയെ തറപറ്റിച്ച് ദിനകരപക്ഷം വന്‍ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ പ്രഖ്യാപനം വന്നിരിക്കുന്നത്.






